വീടില്ലാത്തവർക്കായി ജില്ലയിൽ മൂന്ന് ഭവന സമുച്ചയങ്ങൾ

കോഴിക്കോട്​: ലൈഫ്‌ മിഷന്‍ മൂന്നാം ഘട്ടത്തിലെ ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി ജില്ലയിൽ നിർമിക്കുന്ന മൂന്ന് ഭവന സമുച്ചയങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്​ച രാവിലെ 11ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എലോക്കരയില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയത്തിന്‌ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും മാവൂര്‍ പഞ്ചായത്തിലെ പൊന്‍പറക്കുന്നില്‍ നിർമിക്കുന്ന ഭവനസമുച്ചയത്തിന്‌ അഡ്വ. പി.ടി.എ. റഹീം എം.എൽ.എയും നടുവണ്ണൂര്‍ പഞ്ചായത്തിലെ മന്ദന്‍കാവില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയത്തിന്‌ പുരുഷന്‍ കടലുണ്ടി എം.എൽ.എയും തറക്കല്ലിടും. സര്‍ക്കാറി​െൻറ '100 ദിനം നൂറ്‌ പദ്ധതി'കളുടെ ഭാഗമായാണ്‌ നിർമാണോദ്ഘാടനം.

അഹ്​മദാബാദ്‌ ആസ്ഥാനമായ മിറ്റ്സുമി ഹൗസിങ്​ ലിമിറ്റഡിനാണ്‌ കരാർ. 445 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളാണ്‌ ഉണ്ടാവുക. പൊന്‍പറക്കുന്നില്‍ നാല് നിലകളിലായി 44 ഫ്ലാറ്റുകളാണ്‌ നിർമിക്കുന്നത്‌. 67.5 ലക്ഷം രൂപയാണ്‌ ചെലവ്‌.

പൊതുമരാമത്ത്‌ (റോഡ്സ്‌) വകുപ്പി​െൻറ കൈവശമുള്ള 2.65 ഏക്ര സ്ഥലത്താണ്‌ ഫ്ലാറ്റ്‌ സമുച്ചയം നിർമിക്കുന്നത്‌. മന്ദന്‍കാവില്‍ നാല് നിലകളിലായി 72 ഫ്ലാറ്റുകളാണ്‌ നിർമിക്കുന്നത്‌. റവന്യൂ വകുപ്പി​െൻറ കൈവശമുള്ള 1.96 ഏക്രസ്ഥലമാണ്‌ ഇതിന്‌ വിനിയോഗിക്കുന്നത്‌. 1054 ലക്ഷം രൂപ ചെലവിലാണ്‌ നിർമാണം. എലോക്കരയില്‍ നാല് നിലകളിലായി 44 ഫ്ലാറ്റുകളാണ്‌ നിർമിക്കുന്നത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത്‌ വിട്ടുനൽകിയ 1.75 ഏക്ര സ്ഥലത്താണ്‌ 701.5 ലക്ഷം രൂപ ചെലവില്‍ ഭവനസമുച്ചയം നിർമിക്കുന്നത്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.