കോഴിക്കോട്: ടിപ്പർ ലോറിയിടിച്ച് മൂന്ന് ഇരുചക്ര വാഹന യാത്രക്കാർ മരിച്ച കേസിൽ ഡ്രൈവർക്ക് പത്ത് കൊല്ലം തടവും മൂന്ന് ലക്ഷം രൂപ പിഴയും.മാവൂർ കായലം ചെങ്ങോട്ട് കുഴിയിൽ സി.കെ. അഷ്റഫിനെയാണ് (47) ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി കെ.അനിൽ കുമാർ ശിക്ഷിച്ചത്.
2017 ഡിസംബർ 16ന് ഉച്ചക്ക് ഒന്നോടെ പ്രതി ഓടിച്ച ടിപ്പർ പെരുവയൽ കള്ളുഷാപ്പിന് സമീപം സ്കൂട്ടറിനും ബുള്ളറ്റ് ബൈക്കിനും സൈക്കിളിലുമിടിച്ചതായാണ് കേസ്.
സ്കൂട്ടർ യാത്രക്കാരി മാവൂർ താത്തൂർ പൊയിൽ പൂമംഗലത്ത് ചന്ദ്രിക (60), ബുള്ളറ്റ് ഓടിച്ച ഗുരുവായൂരപ്പൻ കോളജ് പാലാഴിപാല കളത്തിൽ താഴത്ത് ദിപിൻ (27), സൈക്കിളോടിച്ച പെരുവയൽ എളവന ശിവദാസൻ നായർ (62) എന്നിവരാണ് മരിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എം.ജയദീപ് ഹാജരായി.
മൂന്നുപേരുടെയും മരണത്തിന് 10 കൊല്ലം വീതം മൊത്തം 30വർഷം തടവും ഒാരോ ലക്ഷം വീതം പിഴയുമാണ് വിധിച്ചതെങ്കിലും തടവ് ഒന്നിച്ച് 10 കൊല്ലമനുഭവിച്ചാൽ മതിയെന്ന് ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.