കോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസിലെ ശുചിമുറി മാലിന്യ പ്ലാന്റിൽനിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് കാമ്പസിൽ പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നു. പ്ലാന്റിന്റെ മാലിന്യ ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകി മഴയിൽ പരിസരമാകെ പരന്നൊലിക്കുന്ന സ്ഥിതിയാണ്. ജീവനക്കാരുടെ ക്വാർട്ടേഴ്സിന് പിറകിലൂടെയുള്ള റോഡിലൂടെയാണ് മാലിന്യം പരന്നൊഴുകുന്നത്. സമീപത്തെ പി.ജി ഹോസ്റ്റലിലെ താമസക്കാർക്കും ഇത് ഭീഷണിയായിരിക്കുകയാണ്. പുറത്തുനിന്ന് കൊണ്ടുവരുന്ന മാലിന്യം ടാങ്കിൽ ഉൾക്കൊള്ളാൻ കഴിയാതെ പുറത്തേക്ക് ഒഴുകുകയാണെന്ന് ക്വാർട്ടേഴ്സിലെ ജീവനക്കാർ പറഞ്ഞു. ജീവനക്കാർ ഇതു സംബന്ധിച്ച് പ്രിൻസിപ്പലിന് പരാതി നൽകി.
ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഇതുസംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും ജീവനക്കാർ പറഞ്ഞു. മഴ പെയ്യുമ്പോൾ പ്ലാന്റിൽനിന്ന് മലിനജലം പുറത്തേക്കൊഴുക്കിവിടുന്നത് പതിവാണെന്നും ജീവനക്കാർ ആരോപിച്ചു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും ജീവനക്കാർ പറഞ്ഞു.
നഗരത്തിലെ ശുചിമുറി മാലിന്യങ്ങൾ മെഡിക്കൽ കോളജ് കാമ്പസിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് സംസ്കരിക്കുന്നതിനെതിരെ ജീവനക്കാർ നേരത്തേതന്നെ പ്രതിഷേധിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നിയോഗിച്ച വിദഗ്ധ സമിതി പഠനം നടത്തുകയും പുറത്തുനിന്നുള്ള മാലിന്യം ആരോഗ്യ കേന്ദ്രത്തിന്റെ കാമ്പസിൽ എത്തിച്ച് സംസ്കരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ശുചിമുറി മാലിന്യം സംസ്കരിക്കാൻ 13 കോടി രൂപ മുടക്കി കോഴിക്കോട് കോർപറേഷന് നിർമിച്ച് 2023ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കോളജിലെ ഭൂരിഭാഗം സ്ഥാപനങ്ങളെയും ഇതുവരെ ബന്ധിപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.