കൂരാച്ചുണ്ട്: കയറിക്കിടക്കാൻ സ്വന്തമായി കൂര വേണമെന്നാവശ്യപ്പെട്ട് ആദിവാസി വീട്ടമ്മ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസിനുമുന്നിൽ അനിശ്ചിതകാല സമരം തുടങ്ങി. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഓട്ടപ്പാലത്ത് ഇറിഗേഷൻ വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടി താമസിക്കുന്ന സരോജിനിയാണ് സമരം തുടങ്ങിയത്.
ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സാങ്കേതികതടസ്സങ്ങൾ നിരത്തി ഭൂരഹിത-ഭവനരഹിത വിഭാഗത്തിൽനിന്ന് സരോജിനിയെ പഞ്ചായത്തും ഉദ്യോഗസ്ഥരും തഴഞ്ഞെന്നാണ് ആരോപണം. സരോജിനി ലൈഫ് മിഷന്റെ വീടിന് അപേക്ഷിച്ചപ്പോൾ ഹാജരാക്കിയ റേഷൻ കാർഡ് പ്രകാരം സ്ഥലമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പറഞ്ഞു. എന്നാൽ, പിന്നീടാണ് ഇവർ മാത്രമുള്ള റേഷൻ കാർഡ് ശരിയാക്കിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ ഭൂരഹിത-ഭവനരഹിത പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷ പരിഗണിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ചൊവ്വാഴ്ച യോഗം ചേർന്ന് സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.