ഉള്ള്യേരി: യുദ്ധം സൃഷ്ടിച്ച ആകുലതകൾക്കും ആശങ്കകൾക്കും ഒടുവിൽ യുക്രെയ്നിൽ മെഡിക്കൽ വിദ്യാർഥിയായ കന്നൂര് ശ്രീരാഗത്തിൽ അമലു വീടണഞ്ഞു. സപ്റോഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാംവർഷ മെഡിസിൻ വിദ്യാർഥിയായ അമലു ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടിലെത്തിയത്.
ആണവനിലയം സ്ഥിതിചെയ്യുന്നത് സപ്രോഷ്യയിൽ ആയതിനാൽ ഷെൽ ആക്രമണം ഉണ്ടായതോടെ യൂനിവേഴ്സിറ്റിതന്നെ ഇടപെട് പ്രത്യേക തീവണ്ടി ഏർപ്പാടാക്കുകയായിരുന്നു. മൂന്നു ദിവസം ഇവർക്ക് ബങ്കറിൽ കഴിയേണ്ടിവന്നു. അഞ്ഞൂറോളം മലയാളി വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. രാവിലെ പത്തുമണിക്ക് പുറപ്പെടുന്ന തീവണ്ടിയിൽ കയറാൻ 15 മിനിറ്റ് മുമ്പാണ് അറിയിപ്പ് ലഭിച്ചത്. അതോടെ
അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്ത് യാത്ര പുറപ്പെടുകയായിരുന്നു. രണ്ട് തീവണ്ടികളിലായാണ് 1500 കുട്ടികളെ ചോപ്പെ അതിർത്തിവഴി ഹംഗറിയിൽ എത്തിച്ചത്. യാത്രക്കിടെ ഹൃദയ സംബന്ധമായ ബുദ്ധിമുട്ട് നേരിട്ട ഒരു വിദ്യാർഥിയെ വഴിയിൽ ഇറക്കി മെഡിക്കൽ സംഘം വൈദ്യസഹായം നൽകിയിരുന്നു. 38 മണിക്കൂർ നീണ്ട യാത്രയിൽ കുട്ടികൾ ഭക്ഷണം പങ്കിട്ടെടുക്കുകയായിരുന്നു. ബുഡാപെസ്റ്റിൽ ഇന്ത്യൻ എംബസിയും അവിടത്തെ എൻ.ജി.ഒകളും സഹായങ്ങൾ നൽകിയിരുന്നു.
ബുഡാപെസ്റ്റിൽ രണ്ടു ദിവസം താമസിച്ചശേഷം കുവൈത്ത്-മുംബെ വഴിയാണ് കണ്ണൂരിൽ വിമാനമിറങ്ങിയത്. മറ്റു യൂനിവേഴ്സിറ്റികളിലെ കുട്ടികളെപോലെ കൂടുതൽ ദുരിതങ്ങൾ അനുഭവിച്ചില്ലെന്ന ആശ്വാസമുണ്ടെങ്കിലും യുദ്ധം തുടർപഠന മോഹങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുമോയെന്ന പേടിയിലാണ് അമലുവും കുടുംബവും. അച്ഛൻ അഡ്വ. ഗോപി വിദേശത്താണ്. ആശങ്കകൾ മുഴുവൻ ഉള്ളിലൊതുക്കി വീട്ടിലായിരുന്ന അമ്മ രാജേശ്വരി മകൾ വീട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.