ഉള്ള്യേരി: വാഹനാപകടത്തിൽ മരിച്ച മകൻ നജീബിന്റെ ആഗ്രഹം സഫലമാക്കാൻ കരൾപിളരും വേദനയോടെ ഫാത്തിമ ഹജ്ജിന് യാത്ര തിരിച്ചു. റിയാദിൽ വാഹനാപകടത്തിൽ മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ഒരുനോക്ക് കാണാനാവാതെ തിങ്കളാഴ്ച രാവിലെ അവർ നെടുമ്പാശ്ശേരിക്ക് യാത്രയായത്.
ഹജ്ജ് യാത്രാതീയതി മാറ്റിക്കിട്ടാൻ ബന്ധുക്കൾ ശ്രമംനടത്തിയെങ്കിലും ഫലംകണ്ടില്ല. നജീബിന്റെ മൃതദേഹം ഉമ്മ യാത്ര തിരിക്കുംമുമ്പ് നാട്ടിലെത്തിക്കാനുള്ള പ്രവാസികളുടെ നീക്കവും ലക്ഷ്യംകണ്ടില്ല. മുണ്ടോത്ത് ജുമാമസ്ജിദ് പരിസരത്ത് മഹല്ല് ഖതീബിന്റെ നേതൃത്വത്തിൽ പ്രാർഥനയോടെയും കണ്ണീരോടെയുമാണ് ഫാത്തിമ ഉൾപ്പെടെയുള്ളവരെ നാട്ടുകാർ യാത്രയാക്കിയത്.
സൗദിയിൽ ഡ്രൈവറായ നജീബ് റിയാദ് വിമാനത്താവളത്തിൽനിന്ന് ഈജിപ്ഷ്യൻ പൗരന്മാരുമായി അൽ അഹ്‌സയിലേക്കുള്ള യാത്രക്കിടെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച അപകടത്തിൽപെട്ടത്. നജീബിന് പുറമെ യാത്രക്കാരായ രണ്ട് ഈജിപ്ഷ്യൻ ഡോക്ടർമാരും മരിച്ചു. നജീബിന്റെ ഏറക്കാലത്തെ ആഗ്രഹമായിരുന്നു ഉമ്മയെ ഹജ്ജിന് കൊണ്ടുപോകൽ. ഇത്തവണ അതിനുള്ള അവസരം ലഭിച്ചപ്പോൾ യാത്രക്കുള്ള എല്ലാ കാര്യങ്ങളും ശരിയാക്കിയതും നജീബായിരുന്നു. അപകടത്തിന് തലേദിവസം വിളിച്ചപ്പോൾപോലും നജീബ് ഹജ്ജ് യാത്രയുടെ വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു. മക്കയിൽ എത്തിയാൽ ഉമ്മയെ കാണാൻ പോകണമെന്നും നജീബ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ, മകനും ഉമ്മക്കും പരസ്പരം കാണാൻ വിധിയുണ്ടായില്ല.
തിങ്കളാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച നജീബിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി 11 ഓടെയാണ് ഉള്ള്യേരി ആനവാതിലിലെ വീട്ടിലെത്തിച്ചത്. ഉറ്റബന്ധുക്കളെ സമാധാനിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ. നജീബിന്റെ ഏക മകൻ മൂന്നു വയസ്സുകാരൻ മുഹമ്മദ് ഹാദി ഉപ്പക്ക് യാത്രാമൊഴി നൽകിയത് നൊമ്പരക്കാഴ്ചയായി. ആനവാതിൽ ജുമാമസ്ജിദ് പരിസരത്ത് പൊതുദർശനത്തിനുവെച്ച മൃതദേഹം കാണാൻ രാത്രി വൈകിയും നൂറുകണക്കിന് പേർ എത്തി. രാത്രി 12 ഓടെ മയ്യിത്ത് മുണ്ടോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.