ഉള്ള്യേരി: സംസ്ഥാന പാതയിൽ ഈസ്റ്റ് മുക്കിനു സമീപം മാതാം തോട്ടിൽ ശൗചാലയ മാലിന്യം തള്ളിയ ലോറി അത്തോളി പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 23ന് അർധരാത്രിയിലാണ് മാലിന്യം തള്ളിയത്. മുമ്പും നിരവധിതവണ ഇതേ സ്ഥലത്ത് മാലിന്യം തള്ളിയിരുന്നു. ലോറി പിടികൂടണമെന്നാവശ്യപ്പെട്ടു ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൊലീസ് പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹന ഉടമക്ക് പഞ്ചായത്ത് 75000 രൂപ പിഴയിട്ടത്. മൂന്നു മാസം മുമ്പ് മാലിന്യം തള്ളിയ മറ്റൊരു ലോറി അത്തോളി പൊലീസ് പിടികൂടിയിരുന്നു. നിരവധി ആളുകൾ ആശ്രയിക്കുന്ന ജലസ്രോതസ്സിൽ സ്ഥിരമായി മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധം ഉയർത്തുകയും പൊതുപ്രവർത്തകർ വിഷയത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളൽ പതിവാക്കിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. വലിയ തുക ഈടാക്കി ഫ്ലാറ്റുകൾ, വീടുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ സെപ്റ്റിക് ടാങ്കുകളിൽനിന്നും ശേഖരിക്കുന്ന മാലിന്യമാണ് ഈ രീതിയിൽ നിർബാധം ഒഴുക്കിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.