ഉള്ള്യേരി: മകൾക്ക് പുതുതായി നിർമിക്കുന്ന വീടിന്റെ കുറ്റിയടിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ നരിക്കുനി മടവൂരിൽനിന്ന് ആഹ്ലാദത്തോടെ പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാർ ഉള്ള്യേരി 19ൽ മതിലിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മുത്തച്ഛനും പേരക്കുട്ടിയും. ഉള്ള്യേരി ഒള്ളൂരിൽ മകൾ സുനജക്കുവേണ്ടി നിർമിക്കുന്ന വീടിന്റെ കുറ്റിയടിക്കൽ ചടങ്ങിന് പുറപ്പെട്ട മടവൂർ മുക്ക് കാവാട്ടുപറമ്പത്ത് സദാനന്ദൻ (67), പേരമകൻ ധൻജിത്ത് (6) എന്നിവരാണ് മരിച്ചത്.
കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പാടെ തകർന്നു. മതിലിടിഞ്ഞ് കല്ലുകൾ കാറിനുമുകളിൽ പതിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആറുവയസ്സുകാരൻ ധൻജിത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
സംസ്ഥാനപാത നവീകരണം കഴിഞ്ഞതോടെ ഈ ഭാഗത്ത് തുടർച്ചയായുണ്ടാകുന്ന അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കഴിഞ്ഞവർഷം ആഗസ്റ്റിൽ ഇതേസ്ഥലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവ എൻജിനീയർമാർ തൽക്ഷണം മരിച്ചിരുന്നു. സ്ഥിരം അപകടമേഖലയായ ഇവിടെ ഇതിനകം 12 ജീവനുകളാണ് പൊലിഞ്ഞത്.
ബാലുശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നതെന്നത് തന്നെ അധികൃതരുടെ കണ്ണുതുറപ്പിക്കാൻ മതിയായ വസ്തുതയാണ്. പറമ്പിൻ മുകൾ അങ്ങാടി മുതൽ ഉള്ള്യേരി ഈസ്റ്റ് മുക്ക് ജങ്ഷൻ വരെ ഒന്നര കി.മീറ്ററോളം വരുന്ന ഭാഗം ഇറക്കവും നേരെയുള്ളതുമാണ്.
നേരെയുള്ള ഇറക്കത്തിൽ അമിതവേഗതയിലെത്തുന്ന വാഹനങ്ങളാണ് കൂടുതലും അപകടങ്ങളിൽപെടുന്നത്. ഈ ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകളോ വേഗനിയന്ത്രണ സംവിധാനങ്ങളോ ഇല്ലതാനും.
ഇവിടെ റോഡ് മുറിച്ചുകടക്കാൻപോലും നാട്ടുകാർക്ക് പേടിയാണ്. നവീകരണത്തിന്റെ ഭാഗമായി റോഡിനു വീതികൂട്ടുകയും ചെയ്തതോടെ വാഹനങ്ങൾ റോഡിൽ ഒരുവിധ നിയമങ്ങളും പാലിക്കാതെ ചീറിപ്പായുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പൊതുപ്രവർത്തകർ പലതവണ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തുകയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തെങ്കിലും അനങ്ങാപ്പാറ നയമാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത്.
ഈ ഭാഗത്തെ അപകടസാധ്യത കുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘത്തിന്റെ ശാസ്ത്രീയപരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്. അപകടങ്ങൾ ഒരുപരിധിവരെ കുറവായിരുന്ന കൊയിലാണ്ടി-താമരശ്ശേരി റൂട്ടിൽ നിരന്തരം അപകടങ്ങളും മരണങ്ങളുമുണ്ടാവുന്നത് യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. അഞ്ചുദിവസം മുമ്പ് ബാലുശ്ശേരിക്ക് സമീപം കരുമലയിൽ ലോറിയിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.