ഉള്ള്യേരി: സംസ്ഥാന പാതയിൽ ഈസ്റ്റ് മുക്കിനു സമീപം മാതാം തോട്ടിൽ ശൗചാലയ മാലിന്യം തള്ളി. ബുധനാഴ്ച പുലർച്ചയാണ് സംഭവം. നടപടികൾ ഇല്ലാത്തത് നിയമലംഘകർക്ക് തുണയാവുന്നുടാങ്കർ ലോറിയിൽനിന്ന് മാലിന്യം പൈപ്പ് ഉപയോഗിച്ച് തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു. ഉള്ള്യേരി അങ്ങാടിയുടെ ഹൃദയഭാഗത്തുകൂടെ മൂന്നുകിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന തോടാണിത്.
വസ്ത്രം അലക്കുന്നതിനും കാർഷികാവശ്യങ്ങൾക്കും ആളുകൾ ആശ്രയിക്കുന്ന തോടാണിത്. രണ്ട് കുടിവെള്ള പദ്ധതികളുടെ കിണർ ഈ തോടിനോട് ചേർന്നാണുള്ളത്. മുമ്പും നിരവധിതവണ ഇതേ സ്ഥലത്ത് ശൗചാലയ മാലിന്യം തള്ളിയിരുന്നു. ഏതാനും മാസംമുമ്പ് മാലിന്യം തള്ളിയ ലോറി അത്തോളി പൊലീസ് പിടികൂടിയിരുന്നു.
എന്നാൽ, ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടായില്ലെന്ന പരാതിയും ഉണ്ട്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളൽ പതിവാക്കിയ സംഘം പ്രവർത്തിക്കുന്നുണ്ട്.
വലിയ തുക ഈടാക്കി ഫ്ലാറ്റുകൾ, വീടുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ സെപ്റ്റിക് ടാങ്കുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യമാണ് ഈ രീതിയിൽ നിർബാധം ഒഴുക്കിവിടുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉളവാക്കുന്ന ഈ നിയമലംഘനത്തിനെതിരെ ജില്ല ഭരണകൂടത്തിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ പൊലീസിന്റെയോ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടാവുന്നില്ലെന്ന പരാതിയും ഉണ്ട്.
ജനങ്ങൾ പ്രതിഷേധം ഉയർത്തുമ്പോൾ ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്തും സ്ഥലത്തെത്തി ക്ലോറിനേഷൻ നടത്തുന്നതിലപ്പുറം കർശനമായ തുടർനടപടികൾ ഉണ്ടാകാത്തത് നിയമലംഘകർക്ക് തുണയാവുകയാണ്. ഗ്രാമപഞ്ചായത്തിലെ കണയങ്കോട് പുഴയിലും തെരുവത്തുകടവിലും ഉള്ള്യേരി എ.യു.പി സ്കൂളിന് സമീപവും സമാനരീതിയിൽ മാലിന്യം തള്ളിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.