ഉള്ള്യേരി: ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായി. മനുഷ്യർക്കും കന്നുകാലികൾക്കും ഉൾപ്പെടെ കടിയേറ്റതോടെ ജനം അക്ഷരാർത്ഥത്തിൽ ഭീതിയിലാണ്. ക്ഷീരകർഷകനായ ആനവാതിൽ തിരുവോട്ടു ചന്ദ്രന്റെ പശുവിനു കഴിഞ്ഞ ദിവസം കടിയേറ്റിരുന്നു. വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം പശുവിനെ പിന്നീട് മരുന്ന് കുത്തിവെച്ച് കൊല്ലുകയായിരുന്നു.
അരലക്ഷം രൂപയോളം വിലമതിക്കുന്ന ഗർഭിണിയായിരുന്ന പശുവിനെയാണ് ചന്ദ്രന് നഷ്ടമായത്. ആനവാതിൽ ഭാഗത്ത് മറ്റൊരു കർഷകന്റെ പശുവിനും കടിയേറ്റിട്ടുണ്ട്. കൂനഞ്ചേരിയിൽ ആറോളം പശുക്കൾക്ക് കഴിഞ്ഞ ദിവസം തെരുവുനായകളുടെ കടിയേറ്റിരുന്നു. ഇൻഷുറൻസ് പരിരക്ഷ പോലും ഇല്ലാത്ത കർഷകർ ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്.
ഉള്ള്യേരി പൊയിൽതാഴെ ഭാഗത്ത് കഴിഞ്ഞ ദിവസം ഒരു അഥിതി ത്തൊഴിലാളി അടക്കം മൂന്നു പേർക്ക് നായയുടെ കടിയേറ്റിരുന്നു. പട്ടാപ്പകൽ കോഴികളെ കൂട്ടത്തോടെ ആക്രമിച്ച് പിടിക്കുന്ന നായ്ക്കൾ പലയിടങ്ങളും ആടുകളെയും കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. നായശല്യം രൂക്ഷമായതോടെ പലരും പ്രഭാത സവാരി ഒഴിവാക്കി. പാൽ, പത്രം വിതരണക്കാരും അതിരാവിലെ ക്ലാസുകളിലേക്ക് പോകുന്ന കുട്ടികളും ഏറെ പേടിയോടെയാണ് സഞ്ചരിക്കുന്നത്. കക്കഞ്ചേരി,നാറാത്ത്,പുത്തഞ്ചേരി,കന്നൂര്,തെരുവത്ത് കടവ് ഭാഗങ്ങളിലും ജനങ്ങൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് അധികൃതർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.