ഉള്ള്യേരി: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ അസഭ്യം പറയുകയും വീടിന് തീയിടാൻ ശ്രമിക്കുകയും വീട്ടുപകരണങ്ങൾ കിണറ്റിലിടുകയും ചെയ്ത പ്രതി പൊലീസ് പിടിയിൽ. തെരുവത്തുകടവ് പുതുവയൽകുനി ഫായിസിനെ (25) യാണ് മലപ്പുറം അരീക്കോട്ട് ലോഡ്ജിൽ ഒളിവിൽ താമസിക്കവേ അത്തോളി പൊലീസ് പിടികൂടിയത്.
മാർച്ച് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. തെരുവത്ത് കടവിൽ യൂസുഫിന്റെ വീട്ടിലാണ് പ്രതി അതിക്രമം കാട്ടിയത്. യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറുമായി ഫായിസ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഓട്ടോറിക്ഷ ഓടിക്കുമ്പോൾ പൊടി പാറിയെന്നാരോപിച്ചായിരുന്നു തർക്കം.
ഇതിൽ യൂസുഫ് ഇടപെട്ടതിൽ പ്രകോപിതനായാണ് ഫായിസ് വീട് ആക്രമിച്ചെന്നാണ് പരാതി. കൃത്യം നടത്തിയ ശേഷം ഇയാൾ ഒളിവിൽപോയി. അത്തോളി സി.ഐ പി. ജിതേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ എസ്.ഐമാരായ ആർ. രാജീവ്, കെ.പി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാഴാഴ്ച രാത്രി 11.30ഓടെ ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു.
സിവിൽ പൊലീസ് ഓഫീസർമാരായ ഒ. ഷിബു, കെ.എം. അനീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഫായിസിനെതിരെ നേരത്തെയും അത്തോളി പൊലീസിൽ പരാതികൾ ലഭിച്ചിരുന്നു. പ്രതിയെ അതിക്രമം കാണിച്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.