ഉള്ള്യേരി: തലമുറകൾക്ക് സ്നേഹം ചേർത്ത് വിളമ്പിയ ഉച്ചഭക്ഷണത്തിന്റെ ഓർമകൾ ബാക്കിയാക്കി ഒള്ളൂർ ഗവ.യു.പി സ്കൂൾ പാചകക്കാരി ചിന്നമ്മു (71) വിട വാങ്ങി.
ഉച്ചഭക്ഷണത്തിന്റെ രുചി മാറും മുമ്പേ കുട്ടികളെയും അധ്യാപകരേയും തേടിയെത്തിയത് അവരുടെ പ്രിയപ്പെട്ട ചിന്നുവേച്ചിയുടെ മരണവാർത്ത. ചൊവ്വാഴ്ച സ്കൂളിൽ ഉച്ചഭക്ഷണം പാചകം ചെയ്തു കുട്ടികൾക്ക് വിതരണം ചെയ്തു വീട്ടിലേക്ക് മടങ്ങിയ അവർക്കു രാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയിരുന്നു.
മൂന്നര പതിറ്റാണ്ട് മുമ്പ് സ്കൂളിലെ പാചകത്തൊഴിലാളിയായിരുന്ന ഭർത്താവ് എടവലത്ത് ശ്രീധരൻ നായരുടെ സഹായിയായാണ് ചിന്നമ്മു സ്കൂളിൽ സേവനം തുടങ്ങിയത്. ഭർത്താവ് ഹോട്ടൽ നടത്തിപ്പിലേക്ക് തിരിഞ്ഞതോടെ സ്കൂളിലെ മുഖ്യ പാചകക്കാരിയായി മാറി. ഭർത്താവിന്റെ മരണത്തോടെ കുടുംബ ഭാരം മുഴുവൻ ചുമലിലേന്തി ശാരീരികാവശതകൾ വകവെക്കാതെയാണ് അവർ ജോലി ഏറ്റെടുത്തത്. മരണ വാർത്ത അറിഞ്ഞതോടെ നിരവധി പൂർവ വിദ്യാർഥികളാണ് നന്മ നിറഞ്ഞ ഓർമകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു അവർ. കൊയിലാണ്ടി കൊല്ലത്തെ വീട്ടിൽനിന്ന് ദിവസവും ഏഴിന് അവർ സ്കൂളിൽ എത്തുമായിരുന്നു. ബുധനാഴ്ച രാവിലെ ചിന്നമ്മുവിന്റെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ വൻ ജനാവലിയാണെത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത, ഉപജില്ല നൂൺമീൽ ഓഫിസർ അനിൽ തിരുവങ്ങായൂർ, ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ഷാജി ബലറാം തുടങ്ങി നിരവധി പേർ സ്കൂളിൽ എത്തിയിരുന്നു. ആദരസൂചകമായി സ്കൂളിന് അവധി നൽകി. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ വിയ്യൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.