വടകര: മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥാപനങ്ങളിൽ ജില്ലതല എൻഫോഴ്സ്മെന്റ് ടീം പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സ്ഥാപനങ്ങളിൽനിന്ന് 1,05,000 രൂപ പിഴ ഈടാക്കി. ഒയാസിസ്, ന്യൂ നാഷനൽ സ്റ്റേഷനറി, ന്യൂ കൊച്ചിൻ സ്റ്റേഷനറി, സാഗർ ട്രേഡ് ലിങ്ക്, വടകര സ്റ്റോർ, ടോപ് ഫാൻസി, ഗ്യാലക്സി ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽനിന്ന് 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളായ കാരിബാഗുകൾ, കപ്പുകൾ, ഇയർ ബഡുകൾ, സ്പൂൺ, പ്ലേറ്റുകൾ, ക്യു.ആർ കോഡ് ഇല്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷണവസ്തുക്കളുടെ പാക്കിങ് നടത്തുകയും പരിസരത്ത് മാലിന്യം കൂട്ടിയിടുകയും അജൈവമാലിന്യങ്ങൾ വലിയ രീതിയിൽ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെയും തുടർന്നാണ് ഗാലക്സി സൂപ്പർമാർക്കറ്റിന് പ്രത്യേക നോട്ടീസ് നൽകി 25,000 രൂപ പിഴ ചുമത്തിയത്.
കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടത്തിയ പരിശോധനയിൽ പ്രവർത്തനരഹിതമായ എസ്.ടി.പി (സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്) നന്നാക്കാനും പ്ലാസ്റ്റിക് കൂട്ടിയിട്ട് എയ്റോബിക് കമ്പോസ്റ്റ് ശാസ്ത്രീയമായി പ്രവർത്തിപ്പിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും ഒരാഴ്ച സമയം അനുവദിച്ച് നോട്ടീസ് നൽകി.
കല്യാൺ സിൽക്സിൽനിന്ന് ഹരിതകർമ സേനക്ക് പ്ലാസ്റ്റിക് മാലിന്യം കൈമാറാത്തതിന് നോട്ടീസ് നൽകി. വടകര മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
പരിശോധനക്ക് ഇന്റേണൽ വിജിലൻസ് ഓഫിസർ ടി. ഷാഹുൽ ഹമീദ്, വടകര മുനിസിപ്പൽ സെക്രട്ടറി എൻ. കെ ഹരീഷ്, ക്ലീൻ സിറ്റി മാനേജർ കെ.പി. രമേശൻ, കോഴിക്കോട് ജെ.ഡി ഓഫിസ് ജൂനിയർ സൂപ്രണ്ട് കെ.വി. കൃഷ്ണൻ, ജീവനക്കാരൻ സി.ബി. ദിനചന്ദ്രൻ, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.സി. പ്രവീൺ, എസ്.എൻ സന്ധ്യ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. ശ്രീമ, വിജിഷ ഗോപാലൻ, സി.വി. വിനോദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.