വടകര: ബസ് സ്റ്റോപ്പിൽ നിർത്തിയ ബസിനു പിറകിൽ യാത്രക്കാരുമായി പോകുകയായിരുന്ന ബസിടിച്ച് 50 ഓളം പേർക്ക് പരിക്ക്. വടകര തിരുവള്ളൂർ റോഡിൽ മേപ്പയിൽ ഓവ് പാലത്തിനു സമീപം വ്യാഴാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.
മണിയൂർ ഭാഗത്തുനിന്നും നിറയെ യാത്രക്കാരുമായി വരുകയായിരുന്ന പി.പി. ബ്രദേഴ്സ് ബസാണ് നിയന്ത്രണം വിട്ട് സ്റ്റോപ്പിൽ നിർത്തിയ ഹോളിഡെയ്സ് ബസിനു പുറകിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ യാത്രക്കാരിൽ പലർക്കും മുൻസീറ്റുകളിലും കമ്പികളിലും ഇടിച്ചായിരുന്നു പരിക്കേറ്റത്. പരിക്കേറ്റവരെ വടകര ജില്ല ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ ആയതിനാൽ വിദ്യാർഥികളും തൊഴിലാളികളുമായിരുന്നു അധികവും യാത്രക്കാർ. അപകടം നടന്നതോടെ കൂട്ട നിലവിളി ഉയരുകയും നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനത്തിലേർപ്പെടുകയുമായിരുന്നു.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന റോഡിൽ വെള്ളം ചീറ്റി ചിതറിക്കിടന്ന ചില്ലുകൾ മാറ്റിയാണ് ഗതാഗതം സുഗമമാക്കിയത്. അപകട വിവരമറിഞ്ഞ് പരിക്കേറ്റവരെ തിരഞ്ഞ് ബന്ധുക്കളടക്കം നിരവധി പേരാണ് ആശുപത്രിയിലേക്ക് കുതിച്ചെത്തിയത്. പരിക്കേറ്റവർ കൂട്ടത്തോടെ ആശുപത്രിയിലേക്കെത്തിയതോടെ പരിസരം ജനസമുദ്രമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.