വടകര: യുവാവ് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സൈബർ ഫോറൻസിക് വിഭാഗം പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. സസ്പെൻഷനിലായ എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ബുധനാഴ്ചയും ക്രൈംബ്രാഞ്ചിന് രേഖപ്പെടുത്താനായില്ല. വയനാട്ടിൽനിന്നുള്ള സൈബർ ഫോറൻസിക് സംഘമാണ് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തിയത്. വില്യാപള്ളി കല്ലേരി സ്വദേശി സജീവനാണ് പൊലീസ് സ്റ്റേഷൻ വളപ്പിൽ കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ചത്.
സജീവനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത ദിവസം ഓൺലൈൻ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദവിവരങ്ങൾ (സി.സി.ടി.എൻ.എസ്) ഫോറൻസിക് വിദഗ്ധർ ശേഖരിച്ചു. സജീവനെതിരെ മദ്യപിച്ച് ബഹളം വെച്ചതിന് കേസെടുത്തത് മരിച്ചതിനുമുമ്പാണോ ശേഷമാണോ എന്നതടക്കമുള്ള കാര്യങ്ങൾ അറിയുകയാണ് ലക്ഷ്യം. ഇവർ സഞ്ചരിച്ച കാറിലും ഫോറൻസിക് പരിശോധന നടത്തി. നേരത്തേ കസ്റ്റഡിയിലെടുത്ത വടകര സ്റ്റേഷനിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും സംഘം കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ റീജനൽ ഫോറൻസിക് ലാബിലേക്കയച്ചു. ഇതോടൊപ്പം സജീവന്റെ മരണവുമായി ബന്ധപ്പെട്ട ഇൻക്വസ്റ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരു കൈമുട്ടുകൾക്കും ശരീരത്തിന്റെ പുറം ഭാഗത്തും ക്ഷതമേറ്റ പാടുകളുണ്ട്. മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
കേസിൽ 26 പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സസ്പെൻഷനിലായ എസ്.ഐ ഉൾപ്പടെയുള്ള നാലു പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. സജീവൻ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം ഫോറൻസിക് സർജന്റെയും മൊഴി രേഖപ്പെടുത്തും. അതേസമയം, സ്റ്റേഷനിൽനിന്ന് സ്ഥലംമാറ്റിയ 59 പൊലീസുകാരെ വിടുതൽ ചെയ്യാൻ അനുവദിച്ചില്ല. സംഭവത്തിന് മുമ്പ് ജനറൽ സ്ഥലം മാറ്റം ലഭിച്ച ആറുപേരെ വിട്ടയച്ചു. പകരം ഒരാൾ ചാർജെടുത്തെങ്കിലും ഇദ്ദേഹം അവധിയിൽ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.