വടകര: ജില്ല ഗവ. ആശുപത്രി കെട്ടിട ഉദ്ഘാടനം വെള്ളിയാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കും പരിപാടിയിൽനിന്ന് എം.പിയെയും എം.എൽ.എയെയും തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫും ആർ.എം.പിയും ചടങ്ങ് ബഹിഷ്കരിക്കും.
നബാർഡ് ഫണ്ടുപയോഗിച്ച് ജില്ല ആശുപത്രിയിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് ജനപ്രതിനിധികളെ മാറ്റിനിർത്തിയ നടപടിയിൽ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരണമെന്ന് യു.ഡി.എഫ്-ആർ.എം.പി നേതാക്കൾ സംയുക്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കെ.കെ. രമ എം.എൽ.എ, കെ. മുരളീധരൻ എം.പി എന്നിവരെ ക്ഷണിക്കാതെ ക്ഷണക്കത്തിൽ മുഖ്യാതിഥികളായി ഇരുവരുടെയും പേരുകൾ ചേർക്കുകയല്ലാതെ ഔദ്യോഗികമായി ക്ഷണിക്കാനോ പരിപാടിയുടെ വിശദാംശങ്ങൾ പങ്കുവെക്കാനോ ജില്ല പഞ്ചായത്തോ ആശുപത്രിയുമായി ബന്ധപ്പെട്ടവരോ തയാറായില്ലെന്ന് നേതാക്കൾ ആരോപിച്ചു.
കേന്ദ്ര സർക്കാറിന്റെ നബാർഡ് ഫണ്ടിൽനിന്ന് നിർമിച്ച കെട്ടിട ഉദ്ഘാടനവുമായി എം.എൽ.എയുമായോ എം.പിയുമായോ ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. ഔദ്യോഗികമായി ക്ഷണിക്കാതെ കത്തിൽ പേര് ചേർത്തത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ്. എം.എൽ.എയെ അധ്യക്ഷസ്ഥാനത്തുനിന്നു നീക്കാൻ ബോധപൂർവം രണ്ട് മന്ത്രിമാരെ പരിപാടിക്ക് ക്ഷണിക്കുകയാണുണ്ടായത്.
നടപടിക്കെതിരെ നബാർഡ് ചെയർമാനും കേന്ദ്രമന്ത്രിക്കും എം.പി പരാതി അയച്ചിട്ടുണ്ട്. കെ.കെ. രമയെ തങ്ങൾക്ക് സ്വാധീനമുള്ള ഇടങ്ങളിൽ ഔദ്യോഗിക പരിപാടികളിൽനിന്നും അവഗണിക്കുകയെന്നത് സി.പി.എം സ്വീകരിച്ചുവരുന്ന രാഷ്ട്രീയനിലപാടാണ്.
ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് പ്രതിസന്ധികൾ ഉണ്ടായപ്പോൾ എം.എൽ.എ നിരന്തരം ഇടപെട്ട് കാര്യങ്ങൾക്ക് വേഗംകൂട്ടിയതായും ജില്ല പഞ്ചായത്തും ആശുപത്രി എച്ച്.എം.സി കമ്മിറ്റിയിലെ ഭരണാനുകൂല പ്രതിനിധികളും ചേർന്ന് എം.എൽ.എയെ അപമാനിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയിൽ കാലാകാലങ്ങളായി നടക്കുന്ന ക്രമക്കേടുകളും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടിയതിലുള്ള പ്രതികാരമാണ് സങ്കുചിത രാഷ്ട്രീയതാൽപര്യത്താൽ ഇവർ നടത്തുന്നതെന്നും ആശുപത്രിയിൽ നടക്കുന്ന ക്രമക്കേടുകൾക്കും സ്വജന പക്ഷപാതത്തിനെതിരെയും ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
വാർത്തസമ്മേളനത്തിൽ യു. ഡി.എഫ് മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, എം.സി. ഇബ്രാഹിം, കുളങ്ങര ചന്ദ്രൻ, പുറന്തോടത്ത് സുകുമാരൻ, എൻ.പി. അബ്ദുള്ള ഹാജി, പി.വി. ജാഫർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.