വടകര: വൈദ്യുതി ബിൽ അടക്കാത്തതിനാൽ വടകര സിവിൽ സ്റ്റേഷനിലെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലായി. ആർ.ടി ഓഫിസ് ഒഴികെയുള്ള മറ്റു ഓഫിസുകളിൽ ഒറ്റ മീറ്ററാണുള്ളത്. ഓരോ ഓഫിസുകളിൽ നിന്നും അടക്കേണ്ട വൈദ്യുതി ബിൽ തുക താലൂക്ക് ഓഫിസിൽ നിന്നും ശേഖരിച്ചാണ് വൈദ്യുതി തുക അടച്ചിരുന്നത്.
എന്നാൽ, ഇത്തവണ സോയിൽ കൺസർവേഷൻ ഓഫിസിന്റെ വിഹിതം ലഭിക്കാത്തതിനാൽ കഴിഞ്ഞ മാസത്തെ ബിൽ അടക്കാൻ കഴിഞ്ഞിട്ടില്ല. 3024 രൂപയാണ് അടക്കേണ്ടിയിരുന്നത്. ബിൽ തുക അടക്കാതായതോടെ വ്യാഴാഴ്ച വൈദ്യുതി വകുപ്പ് അധികൃതർ സിവിൽ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെ ആർ.ടി.ഒ ഓഫിസ് ഒഴികെയുള്ള ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലായി.
മലയോര മേഖലകളിൽ നിന്നടക്കം വിവിധ ആവശ്യങ്ങൾക്കായി നിരവധി പേർ ഓഫിസുകളിൽ എത്തിയിരുന്നു. വൈദ്യുതി മുടങ്ങിയതോടെ തിരിച്ചുപോവുകയുണ്ടായി. മുമ്പ് പലതവണ ബിൽ അടക്കാത്തതിനാൽ സിവിൽ സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് താലൂക്ക് ഓഫിസ് ഇടപെട്ട് കണക്ഷൻ പുനഃസ്ഥാപിക്കുകയായിരുന്നു.
ഓരോ ഓഫിസുകൾക്കും പ്രത്യേകം മീറ്ററുകൾ ഘടിപ്പിച്ചാൽ സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫിസുകളുടെ പ്രവർത്തനം തടസ്സപ്പെടുന്നത് ഒഴിവാക്കാനാവും. എന്നാൽ, ഈ വഴിക്കുള്ള പ്രവർത്തനങ്ങൾ ഒന്നും ഉണ്ടാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.