വടകര: വിദ്യാർഥികൾക്ക് ആശ്രയമായിരുന്നു കാലിക്കറ്റ് സർവകലാശാലയുടെ വടകര ഇൻഫർമേഷൻ സെന്റർ ആരുമറിയാതെ പൂട്ടി. മാർച്ചിൽ ജീവനക്കാരെ പിൻവലിക്കുകയും പിന്നാലെ താഴുവീഴുകയുമായിരുന്നു. നഗരസഭയുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായി 20 വർഷം മുമ്പേ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് താൽപര്യമെടുത്ത് ആരംഭിച്ച ഇൻഫർമേഷൻ സെന്ററാണ് ഒരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ മാർച്ചിൽ അടച്ചുപൂട്ടിയത്.
പരീക്ഷ ഫീസ് അടക്കൽ, വിവിധ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ സമർപ്പിക്കൽ, കോഴ്സുകളുടെ വിവരങ്ങൾ അറിയാനും വിദ്യാർഥികളുടെ ആശ്രയകേന്ദ്രമായിരുന്നു സെന്റർ. മലയോര മേഖലയിൽ നിന്നടക്കം വിദ്യാർഥികൾ കിലോമീറ്ററുകൾ താണ്ടിയാണ് യൂനിവേഴ്സിറ്റിയിൽ എത്തിയിരുന്നത്. ഇതിന് പരിഹാരമെന്ന നിലയിലാണ് വടകരയിൽ സെന്റർ സ്ഥാപിച്ചത്.
ഇൻഫർമേഷൻ സെന്റർ പൂട്ടിയതറിയാതെ വിദ്യാർഥികൾ ഇവിടെ എത്തുന്നത് പതിവാണ്. വടകരയിലെ കേന്ദ്രം അടച്ചുപൂട്ടിയതായി ഒരു അറിയിപ്പും അധികൃതർ നൽകിയിരുന്നില്ല. സേവനങ്ങൾ ഓൺലൈനായി മാറിയ പാശ്ചാത്തലത്തിലാണ് സെന്ററിന്റ പ്രവർത്തനം അവസാനിപ്പിച്ചതെന്നാണ് സർവകലാശാലയുടെ വാദം.
യൂനിവേഴ്സിറ്റിയുമായിട്ടുള്ള വിവരങ്ങൾ അറിയാൻ സുവേഗ എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഈ പോർട്ടൽ വഴി ബന്ധപ്പെട്ടാൽ 12 മണിക്കൂറും ഓൺലൈൻ സേവനങ്ങൾ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.