വടകര: തീരദേശമേഖലയിൽ കടൽ കലിതുള്ളുന്നു. രൂക്ഷമായ കടലാക്രമണത്തിൽ 40 ഓളം വീടുകൾ ഭീഷണിയിലാണ്. കൊയിലാണ്ടി വളപ്പ്, ചുങ്കകടപ്പുറം, മുകച്ചേരി ഭാഗം, ആവിക്കൽ, കുരിയാടി, പള്ളിത്താഴെ എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. കൊയിലാണ്ടി വളപ്പിൽ പത്തോളം വീടുകളും മറ്റിടങ്ങളിൽ മുപ്പതോളം വീടുകളുമാണ് ഭീഷണിയിലാണ്.
ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടി വളപ്പിൽ തെങ്ങ് മുറിഞ്ഞുവീണ് മയ്യിച്ചിന്റവിട സുനീറിന്റെ വീടിന് പുറത്തുള്ള ശുചിമുറി തകർന്നു. കൊയിലാണ്ടി വളപ്പിൽ എരഞ്ഞിക്കൽ ആയിശു, വളപ്പിൽ ജിയാന, ഇബ്രാഹിം ചേറാന്റവിട, സലാം മാടക്കൂൽ, കുഞ്ഞായിശ മഞ്ഞാന്റവിട, എറമുള്ളാൻ ഇഞ്ചിന്റവിട, ബീവി വളപ്പിൽ പുതിയ പുരയിൽ, ഫൈസൽ വളപ്പിൽ പുതിയപുരയിൽ.
അഷറഫ് വളപ്പിൽ പുതിയപുരയിൽ, ഉസ്മാൻ വളപ്പിൽ പുതിയ പുരയിൽ എന്നിവരുടെ വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. കുരിയാടി മേഖലയിൽ പാണന്റെ വിട ശ്യാം രാജ്, കിണറ്റിൻകര സരസു, പാണന്റവിട പവിത്രൻ, കോയാന്റ വളപ്പിൽ ഭവാനി, പുതിയ പുരയിൽ സുരേഷ്, നായാടിന്റെവിട ഗീത, പുതിയപുരയിൽ ബാബു, പാണന്റെവിട രമേശൻ, പുതിയപുരയിൽ സത്യൻ എന്നിവരുടേതടക്കം മുപ്പതോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.
കടലാക്രമണത്തിൽ തീരദേശറോഡ് തകർന്ന് തരിപ്പണമായി. പുതുതായി സ്ഥാപിച്ച പത്തോളം ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോമറും കടലെടുക്കുന്ന സ്ഥിതിയിലാണ്. ഇവിടെ അഞ്ചര പതിറ്റാണ്ട് മുമ്പ് കെട്ടിയ കടൽ ഭിത്തിയാണുള്ളത്. വർഷങ്ങൾക്കുമുമ്പുതന്നെ കടൽഭിത്തി മണ്ണിനടിയിലാണ്. ഇതിനാൽ തിരമാലകൾ കടൽഭിത്തി കടന്നാണ് കരകയറുന്നത്. ഈ പ്രദേശത്തെ കടൽഭിത്തി ഉടൻ പുനർനിർമിച്ചില്ലെങ്കിൽ നൂറോളം വീട്ടുകാർ ഒഴിയേണ്ടിവരും.
വരയന്റ വളപ്പ് മുതൽ കൈതയിൽ വളപ്പുവരെ 500 മീറ്റർ കടൽ ഭിത്തികെട്ടുന്നതിന് 4.80 കോടി രൂപയുടെ പ്രപ്പോസൽ സർക്കാറിൽ നൽകിയിട്ട് മൂന്നുവർഷത്തിലധികമായി. അടിയന്തരമായി കടൽഭിത്തി നിർമിക്കണമെന്ന് പരമ്പരാഗത മത്സ്യ തൊഴിലാളി സംരക്ഷണ സമിതി പ്രസിഡന്റ് സതീശൻ കുരിയാടി ആവശ്യപ്പെട്ടു. കൊയിലാണ്ടി വളപ്പിൽ പരിസരവാസികൾ തിരമാല അടിച്ചുകയറാതിരിക്കാൻ ചാക്കിൽ മണൽ നിറച്ച് മതിൽ തീർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.