വടകര: ശംബളത്തിനായി നെട്ടോട്ടമോടുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ വടകര ഓപറേറ്റിങ് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്നു. താഴെ അങ്ങാടിയിൽ ഒരേക്കറോളമുള്ള സെന്ററിൽ 130ഓളം ജീവനക്കാരാണ് ജോലിചെയ്യുന്നത്. ഇവിടെ ജീവനക്കാർക്ക് വിശ്രമിക്കാൻപോലും ഇടമില്ല.
പഴയ ഡീലക്സ് ബസാണ് ഡ്യൂട്ടിക്കിടയിൽ തല ചായ്ക്കാനിടം. കാലവർഷത്തിൽ ചോർച്ചയെ തുടർന്ന് ഷീറ്റിട്ടാണ് ഇതിൽ കഴിയുന്നത്. വനിത ജീവനക്കാരടക്കമുള്ളവർക്ക് പ്രാഥമിക സൗകര്യംപോലും ഇവിടെയില്ല. ഒരു കുളിമുറിയും ശുചിമുറിയുമാണുള്ളത്. ദൂരെദിക്കുകളിൽനിന്ന് എത്തുന്ന ജീവനക്കാർ പുറത്ത് മുറിയെടുത്താണ് ജോലിക്കെത്തുന്നത്. കുടിവെള്ളമില്ലാത്തത് ജീവനക്കാർക്ക് ഇരട്ടി ദുരിതമാണ്.
കുടിവെള്ള പൈപ്പ് ഇവിടെ ഇല്ല. കുഴൽക്കിണർ കുഴിച്ചെങ്കിലും വെള്ളം ഉപയോഗയോഗ്യമല്ല. ഓപറേറ്റിങ് സെന്ററിന് ചുറ്റുമതിലുകളില്ലാത്തത് സുരക്ഷ ഭീഷണിയുമുണ്ട്.
സെന്ററിലേക്ക് ആർക്കും എവിടെനിന്നും പ്രവേശിക്കാം. ഗാരേജിലെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനിടമില്ല. ഒറ്റ മുറിയിലാണ് ഓഫിസ് മുഴുവൻ പ്രവർത്തിക്കുന്നത്. മഴയിൽ ചളിക്കളമാകുന്ന ഗ്രൗണ്ടിൽ ബസുകൾക്ക് കയറിയിറങ്ങാനോ പാർക്ക് ചെയ്യാനോ പറ്റാത്ത അവസ്ഥയാണ്.
ഒരേസമയം മൂന്ന് ബസുകളുടെ അറ്റകുറ്റപ്രവൃത്തികൾ ഇവിടെ നടത്താൻ കഴിയും. എന്നാൽ ആധുനിക സംവിധാനങ്ങൾ ഒന്നുംതന്നെ ഇവിടെയില്ല. പ്രതിസന്ധിയുടെ കാണാക്കയത്തിലേക്ക് പതിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് ആര് രക്ഷകരാകുമെന്ന ചോദ്യമാണ് ജീവനക്കാർക്കും ചോദിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.