വടകര: നഗരമാലിന്യം പേറി കോട്ടപ്പുഴക്ക് ചരമഗീതം. കുറ്റ്യാടി പുഴയുടെ ഭാഗമായ കോട്ടപ്പുഴയിൽ ഒ.വി.സി തോട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽനിന്ന് മാലിന്യം ഒഴുകിയെത്തി പുഴ മലിനമാവുകയാണ്.
പുഴയിൽ കെട്ടിക്കിടക്കുന്ന ചളിയും മാലിന്യവും നീക്കംചെയ്താൽ പുഴയെ വീണ്ടെടുക്കാം.ഒപ്പം ഒ.വി.സി തോടിന്റെ ഇരുകരകളിലുമുള്ളവരുടെ മാലിന്യ പ്രശ്നത്തിന് പരിഹാരമാവുകയും ചെയ്യും. 1.70 കോടി രൂപയാണ് ഒ.വി.സി തോട് പുനരുദ്ധാരണ പ്രവൃത്തിക്ക് അനുവദിച്ചത്. ചെറുകിട ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവൃത്തിക്കൊപ്പം പുഴ ശുചീകരണത്തിനും ഫണ്ട് ലഭ്യമാക്കിയാൽ പതിറ്റാണ്ടുകളായി ദുരിതത്തിൽ കഴിയുന്നവർക്ക് ആശ്വാസമാവും. പുഴയിലെ ചളിയും മാലിന്യവും നീക്കിയാൽ പുഴയുടെ ആഴം കൂടുകയും സുഗമമായ നീരൊഴുക്ക് സാധ്യമാവുകയും ചെയ്യും.
കുറ്റ്യാടി പുഴയുടെ ഭാഗമായ കുഞ്ഞിരാമൻ വക്കീൽ പാലത്തിനുവേണ്ടി നേരത്തേ പില്ലറുകൾ നിർമിക്കാൻ മണ്ണിട്ടുനികത്തിയിരുന്നു. മണ്ണ് പൂർണമായും നീക്കം ചെയ്യാത്തതും നീരൊഴുക്കിന് തടസ്സമാവുന്നുണ്ട്. പുഴ ശുചീകരണത്തിലൂടെ വിനോദസഞ്ചാര മേഖലക്കടക്കം മുതൽക്കൂട്ടാവുകയും ചെയ്യും. പുഴയിൽ മാലിന്യം അടിഞ്ഞുകൂടിയതാണ് ഒ.വി.സി തോട്ടിലേത് ഉൾപ്പെടെയുള്ള മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കുന്നത്. പുഴ സാൻഡ് ബാങ്ക്സിനോട് ചേർന്ന് അഴിമുഖത്താണ് പതിക്കുന്നത്. ഈ ഭാഗത്തുകൂടി ബോട്ട് സവാരി ഉൾപ്പെടെ ലഭ്യമാക്കാൻ കഴിയും. നേരത്തേ കല്ലായി പുഴയിൽ ജലവിഭവ വകുപ്പ് ഇത്തരത്തിൽ പദ്ധതി യാഥാർഥ്യമാക്കിയിരുന്നു. 2015ൽ പുഴ ശുചീകരിക്കാൻ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.