വടകര: വിദ്യാർഥിയെ അധിക്ഷേപിച്ച പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപെട്ട് ഗോകുലം പബ്ലിക് സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ പങ്കെടുത്ത 25 പേർക്കെതിരെ കേസെടുത്തു. ഗോകുലം സ്കൂൾ വൈസ് പ്രിൻസിപ്പലിന്റെ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്. ഗോകുലം പബ്ലിക് സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിനെ തുടർന്ന് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തിരുന്നു.
പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപെട്ട് ശനിയാഴ്ച വൈകിട്ടാണ് ഡി.വൈ.എഫ്.ഐ സ്കൂളിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് ശേഷം സ്കൂൾ ഉപരോധിച്ചിരുന്നു. മേനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതായി രേഖ മൂലം ഉറപ്പ് നൽകിയതോടെയാണ് ഉപരോധം പിൻവലിച്ചത്.
വൈക്കിലിശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. കണ്ണൂർ കരിയാട് സ്വദേശിയായ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയെയാണ് പ്രിൻസിപ്പൽ അധിക്ഷേപിച്ചതായി പരാതി ഉയർന്നത്. ഇത് സംബന്ധിച്ച് ചൈൽഡ് ലൈനിനും വടകര പൊലീസിലും ബാലവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം 12 നാണ് സംഭവം.
യൂണീഫോം വസ്ത്രത്തിന് നീളം കുറഞ്ഞതിനും ഇറുകിയ വസ്ത്രം ധരിച്ചതിനും മുടി നീട്ടിയതിനും പ്രിൻസിപ്പൽ അപമാനിക്കുന്ന തരത്തിൽ ശാസിച്ചെന്നായിരുന്നു പരാതി. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.