വടകര: ദേശീയപാത വികസനത്തിൽ മടപ്പള്ളിയിൽ അടിപ്പാത നിർമിക്കാത്തതിനെതിരെ ആരംഭിച്ച സമരം എട്ടു ദിവസം പിന്നിട്ടു. മടപ്പള്ളി കോളജ്, കുടുംബാരോഗ്യ കേന്ദ്രം, അറക്കൽ ക്ഷേത്രം, മടപ്പള്ളി ജുമാമസ്ജിദ്, ഗണപതി ക്ഷേത്രം തുടങ്ങി നിരവധി സ്ഥാപനങ്ങളുള്ള പ്രദേശത്ത് അടിപ്പാത നിർമിക്കാതെ റോഡ് വികസിപ്പിക്കുന്നത് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കും.
വിദ്യാർഥികളും ജീവനക്കാരുമടക്കം 2000ത്തോളം പേർ ദിനംപ്രതി യാത്ര ചെയ്യുന്ന മലബാറിലെ പ്രധാന കലാലയത്തോടു ചേർന്ന് നിൽക്കുന്ന പ്രദേശത്തെയാണ് അധികൃതർ അവഗണിച്ചത്.
ഒന്നര കിലോമീറ്റർ ദൂരത്തിൽ കണ്ണൂക്കരയാണ് നിലവിൽ അടിപ്പാതയുള്ളത്. നാദാപുരം റോഡിൽ അടിപ്പാത അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. മടപ്പള്ളിയെ വിഭജിച്ച് ദേശീയപാത കടന്നുപോകുന്നതോടെ ജനജീവിതം ദുരിതമായി മാറും. ദേശീയപാത അതോറിറ്റി നടപടിക്കെതിരെ കഴിഞ്ഞയാഴ്ചയാണ് സമരസമിതി മടപ്പള്ളിയിൽ ദേശീയപാതയോരത്ത് സമരത്തിന് തുടക്കം കുറിച്ചത്.
14 ദിവസം നീളുന്ന സമരകാഹളത്തിൽ ഓരോ ദിവസവും വിവിധ രാഷ്ട്രീയപാർട്ടികളും വർഗ ബഹുജന സംഘടനകളും അണിനിരക്കുന്നുണ്ട്. വരുംദിവസങ്ങളിൽ വിദ്യാർഥികൾകൂടി സമരത്തിന്റെ ഭാഗമാകുന്നതോടെ ശക്തമായ സമരമായി മാറിയേക്കും. ദേശീയപാത അതോറിറ്റി, എം.പിമാർ, എം.എൽ.എ, ഗവർണർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും അവഗണിക്കപ്പെട്ടതോടെയാണ് നാട്ടുകാർ സമരസമിതി രൂപവത്കരിച്ച് രംഗത്തിറങ്ങിയത്.
വടകര: മടപ്പള്ളിയിൽ അടിപ്പാത നിർമിക്കുന്നതിന് ദേശീയപാത അതോറിറ്റി തുരങ്കം വെക്കുകയാണെന്ന് സമരസമിതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. രണ്ടു വർഷത്തോളമായി ദേശീയപാതയിൽ മടപ്പള്ളി കോളജ് റോഡിനോടു ചേർന്ന് അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സമിതി സമരമുഖത്താണ്. കിടപ്പാടമുൾപ്പെടെയുള്ള ഭൂമിയാണ് ദേശീയപാത വികസനത്തിന് വിട്ടുനൽകിയത്.
അധികൃതരുടെ അവഗണനക്കെതിരെ ദേശീയപാത അതോറിറ്റി ഓഫിസിലേക്ക് സമരം മാറ്റേണ്ടിവരുമെന്ന് സമരസമിതി വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ സമരസമിതി ചെയർമാൻ പി. സുരേഷ്, ചീഫ് കോഓഡിനേറ്റർ എം.ഇ. മനോജ്, അഡ്വ. ബൈജു രാഘവൻ, റിട്ട. എസ്.പി എൻ.പി. ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.