വടകര: യുവാവിനെ ആക്രമിച്ച് കല്ലേരിയിൽ കാർ കത്തിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തലശ്ശേരി ചൊക്ലി സ്വദേശി ബൈത്തുൽനൂറിൽ ഷമ്മാസ് (33), പുറമേരി കോടഞ്ചേരി വെള്ളൂർ സ്വദേശി ചീക്കിലോട്ട് താഴകുനിയിൽ വിശ്വജിത്ത് (33), തലശ്ശേരി പെരിങ്ങത്തൂർ വട്ടക്കണ്ടിപ്പറമ്പത്ത് സവാദ് (28) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലേരി ഒന്തമ്മൽ ബിജുവിന്റെ മാരുതി സ്വിഫ്റ്റ് കാറാണ് വീട്ടിൽനിന്ന് വിളിച്ചുവരുത്തി ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെ കത്തിച്ചത്. പ്രതികൾ കൃത്യത്തിനുശേഷം ഒളിവിൽ കഴിയുന്നതിനിടെ കോഴിക്കോട് തടമ്പാട്ട് താഴ വേങ്ങേരി ജങ്ഷനിലെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസിന്റെ വലയിലായത്.
പ്രതികൾ സഞ്ചരിച്ച കെ.എൽ-48 കെ 8888 കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമിച്ച് പരിക്കേൽപിച്ചതിനും വാഹനം തീവെച്ചതിനുമാണ് കേസെടുത്തത്. പ്രതികളിലൊരാളായ വിശ്വജിത്തിനെ കല്ലേരിയിൽ വിവാഹവീട്ടിൽ എത്തിയ സമയത്ത് ബിജു അടിച്ചതിലുള്ള വിരോധവും ഷമ്മാസിന്റെ മാതാവിനോട് അനാവശ്യമായി സംസാരിച്ചതിലുള്ള വിരോധവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ചൊക്ലിയിൽ ഒത്തുകൂടിയ പ്രതികൾ രാത്രി എട്ടിന് മദ്യപിച്ചശേഷമാണ് ആക്രമണം ആസൂത്രണം ചെയ്തത്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പ്രതികളെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വടകര സി.ഐ എം.പി രാജേഷ്, എസ്.ഐ എം. നിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.