വടകര: ചോമ്പാല മത്സ്യബന്ധന തുറമുഖത്തിന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കണമെന്ന ആവശ്യം ശക്തമായി. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
എന്നാൽ, സർക്കാർ നടപടികളുമുണ്ടാവുന്നില്ല. ഹാർബറിലെ ലേലപ്പുര പരാധീനതകളിൽ വീർപ്പുമുട്ടുകയാണ്. വൃത്തിഹീനമായ ചുറ്റുപാടിലാണ് മത്സ്യവിപണനം നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ ചില്ലറ വില്പന ലേലം പുളിമുട്ടിനോട് ചേർന്നാണ് നടക്കുന്നത്. മികച്ച ഡ്രൈനേജ് സൗകര്യത്തിന്റ അഭാവം ഹാർബറിന്റെ പ്രവർത്തനത്തിന് തടസ്സമാണ്.
മത്സ്യം വാങ്ങാനെത്തുന്നവരും കുറഞ്ഞു. മൊത്തക്കച്ചവടക്കാരും ചില്ലറ മത്സ്യം വാങ്ങാനെത്തുന്നവരെയും കൊണ്ട് ഹാർബറിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. പഴയ ആരവങ്ങൾ നിലച്ചതോടെ പലരും ഹാർബറിനെ കൈയൊഴിയുകയാണ്.
ചോമ്പാല മത്സ്യം എന്ന പേരിൽ ഹാർബറിൽ നിന്നും പുറത്തേക്ക് പോകുന്ന മത്സ്യത്തിന് പ്രത്യേക പരിവേഷമായിരുന്നു.
മത്സ്യബന്ധന തൊഴിലാളികളുടെ അവസ്ഥയും വിഭിന്നമല്ല. പുലിമുട്ടിന് ആഴം കൂട്ടണമെന്ന ആവശ്യം കടലാസിൽ ഒതുങ്ങുകയാണ്. ഡ്രഡ്ജിങ് ഗുണകരമല്ലാത്ത രീതിയിൽ നടത്തിയതിനാൽ ചളിനിറഞ്ഞ് മത്സ്യബന്ധന യാനങ്ങൾ കരക്കടുപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ്. വേലിയേറ്റ സമയങ്ങളിൽ വള്ളങ്ങൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. ലക്ഷങ്ങളുടെ മത്സ്യ കയറ്റുമതി നടന്നിരുന്ന തുറമുഖമാണ് അവഗണനയുടെ തീരത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.