ആയഞ്ചേരി: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽനിന്ന് അതിസാഹസികമായി പിഞ്ചുബാലികയെ രക്ഷപ്പെടുത്തിയ കടമേരി കീരിയങ്ങാടി സ്വദേശി ടി.എൻ. ഷാനിസ് അബ്ദുല്ലക്ക് ധീരതക്കുള്ള ദേശീയ അവാർഡ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വടകര കീരിയങ്ങാടി താഴെ നുപ്പറ്റ അബ്ദുൽ അസീസിന്റെ മകൻ ഷാനിസും സഹോദരി തൻസിഹ നസ്റീന്റെ രണ്ട് ചെറിയ കുട്ടികളും മുറ്റത്ത് കളിക്കുമ്പോഴാണ് വിരണ്ടോടിയ പോത്ത് ആക്രമിക്കാൻ എത്തിയത്. വഴിനീളെയുള്ള പരാക്രമത്തിൽ ഒരു കൊമ്പ് നഷ്ടപ്പെട്ട് ചോര വാർന്ന രീതിയിൽ കുതിച്ചെത്തിയ പോത്ത് ആദ്യം രണ്ടര വയസ്സുള്ള ബാലികയെ ആക്രമിച്ചു. ഇതുകണ്ട ഷാനിസ് ജീവൻ പണയംവെച്ച് പോത്തിനെ ബലമായി പിടിച്ചു മാറ്റി കുഞ്ഞിനെ രക്ഷിച്ചെടുക്കുകയായിരുന്നു.
ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ അഭിമന്യു ധീരതക്കുള്ള പ്രത്യേക അവാർഡിന് അർഹനായെന്ന് ചൈൽഡ് വെൽഫെയർ ഓഫിസിൽനിന്ന് വ്യാഴാഴ്ചയാണ് അറിയിപ്പ് ലഭിച്ചത്. സംസ്ഥാന ശിശുക്ഷേമ സമിതി മുഖേന ആർ.എ.സി സ്കൂൾ അധികൃതർ സമർപ്പിച്ച അപേക്ഷ പരിശോധിച്ചാണ് പുരസ്കാരം. കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് കുട്ടികളിൽ ഒരാളാണ് ഷാനിസ്. കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കടമേരിയിലെ ടി.എൻ. അബ്ദുൽ അസീസിന്റെയും സുഹ്റയുടെയും മകനാണ്. സഹോദരങ്ങൾ: ഷെറിൻ, മുഹമ്മദ് തസ് ലീം. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.