വടകര: ദേശീയപാത വികസനം കുഞ്ഞിപ്പള്ളി ടൗൺ രണ്ടായി വിഭജിക്കപ്പെട്ടേക്കും. ആശങ്കയൊഴിയുന്നില്ല. അടിപ്പാത നിർമാണം തുടങ്ങി. പാത വികസനത്തിന്റെ ഭാഗമായി ദേശീയപാതയിൽനിന്നും മേൽപാലം റോഡ് തുടങ്ങുന്ന ഭാഗത്താണ് അടിപ്പാത നിർമാണപ്രവൃത്തി ആരംഭിച്ചത്.
അടിപ്പാത നിർമാണം പൂർത്തിയാവുകയും മണ്ണിട്ട് നികത്തുന്നതോടെ റോഡ് ഉയരുകയും ടൗൺ രണ്ടായി വിഭജിക്കപ്പെടുമെന്നാണ് ആശങ്ക. ടൗൺ രണ്ടായി മാറുന്നതോടെ കുഞ്ഞിപ്പള്ളി ടൗൺ, പൊലീസ് സ്റ്റേഷൻ, കൃഷിഭവൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാനും തിരിച്ച് കുഞ്ഞിപ്പള്ളി മസ്ജിദ്, സ്കൂൾ, കോളജ് എന്നിവിടങ്ങളിലേക്ക് പോകാനും ഏറെ പ്രയാസം നേരിടും.
കുഞ്ഞിപ്പള്ളി ടൗണിലെ വ്യാപാര മേഖല തളർച്ചയിലേക്ക് നീങ്ങും. റെയിൽവേ ട്രാക്കിനും ദേശീയപാതയുടെയും നടുക്കുള്ള ടൗണിന്റെ ഭാഗങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത സ്ഥിതി നിലയിൽ വരും. പ്രശ്നപരിഹാരത്തിന് നേരത്തെ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി കെ. മുരളീധരൻ എം.പി.യുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരിയെ കണ്ടിരുന്നു.
തൂണിന്മേലുള്ള ഉയരപ്പാത എം.പിക്ക് നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെങ്കിലും പിറകോട്ട് പോയതായാണ് അടിപ്പാത നിർമാണത്തോടെ ലഭിക്കുന്ന സൂചന. എന്നാൽ, ഉയരപ്പാതയുടെ കാര്യത്തിൽ ദേശീയപാത അതോറിറ്റി ഉരുണ്ടു കളി തുടരുകയാണ്. കുഞ്ഞിപ്പള്ളി ടൗണിൽ നടപ്പിലാക്കുന്ന അടിപ്പാതയുടെ പ്രവൃത്തി സംബന്ധിച്ച് യഥാർഥ ചിത്രം പുറത്തുവന്നിട്ടില്ല.
കുഞ്ഞിപ്പള്ളി ടൗണിനെ രക്ഷിക്കാൻ ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ച ഉയരപ്പാത യാഥാർഥ്യമാക്കണമെന്ന് മഹൽ കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഉയരപ്പാതക്കായി വിവിധ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. എം.പിക്ക് നൽകിയ ഉറപ്പിൽനിന്നും പിന്നോട്ടുപോയാൽ പ്രത്യക്ഷ സമരപരിപാടികൾ നടത്തും.
ദേശീയപാത വികസനത്തില്‍ കുഞ്ഞിപ്പള്ളി ടൗണ്‍ ഒറ്റപ്പെടുത്തരുത് എന്ന ആവശ്യം ഉന്നയിച്ച് വ്യാപാരികളും ഓട്ടോ തൊഴിലാളികളും കുഞ്ഞിപ്പളളി ടൗണ്‍, ചിറയില്‍ പിടിക എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടത്തിയിരുന്നു. കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് ടി. ജി. നാസറിന്റെ അധ്യക്ഷതയിൽ നാട്ടുകാർ യോഗം ചേർന്നു.
കുഞ്ഞിപ്പളളി ടൗണിനെ മുറിച്ചുമാറ്റി ഒറ്റപ്പെടുത്തുന്ന രീതി പുനരാലോചന നടത്തണമെന്ന് ദേശീയപാത കർമസമിതി ജില്ല വൈസ് പ്രസിഡന്റ് പ്രദീപ് ചോമ്പാല ആവശ്യപ്പെട്ട. വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുമെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.