സ്വർണ വ്യാപാരിയുടെ പണം തട്ടിയെടുത്ത കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

സ്വർണ വ്യാപാരിയുടെ പണം തട്ടിയെടുത്ത കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

വടകര: കൈനാട്ടി ദേശീയപാതയിൽ നാദാപുരത്തെ ചെറുകിട സ്വർണ വ്യാപാരിയിൽനിന്ന് പണം തട്ടിയ കേസിൽ പുനരന്വേഷണം നടത്താൻ വടകര ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കല്ലാച്ചി വാരിക്കോളി സ്വദേശി പി. രാജേന്ദ്ര​ന്‍റെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. വിചാരണയിലുള്ള കേസ് നിർത്തിവെച്ച് ക്രിമിനൽ നടപടിക്രമം 173(8)പ്രകാരം പുനർ അന്വേഷണം നടത്തുന്നതിനുവേണ്ടി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വടകര സി.ഐ കെ.കെ. ബിജു കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്.

ഈ കേസിൽ വടകര പൊലീസ് നേരത്തേ അറസ്​റ്റ്​ ചെയ്തത് അഖിൻ, ശ്വേതിൻ എന്ന ചിക്കു, സജിത്ത് എന്ന മത്തായി, സുബനീഷ്, സവിനേഷ്‌ എന്നീ അഞ്ച് പ്രതികളെയാണ്. കേസിൽ ഉൾപ്പെട്ട ഒരാൾ ഒളിവിലാണ്. കോഴിക്കോട് റൂറൽ ജില്ല സ്‌പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഈ കേസിലെ പരാതിക്കാര​ന്‍റെ മൊഴി പ്രകാരം കൃത്യം ആസൂത്രണം ചെയ്തത് അന്നത്തെ ഡി.വൈ.എഫ്.ഐ കല്ലാച്ചി മേഖല സെക്രട്ടറിയായ സി.കെ. നിജേഷ് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കേസ് അന്വേഷണത്തി​ന്‍റെ ആദ്യ ഘട്ടത്തിൽ രാജേന്ദ്ര​ന്‍റെ മൊഴി എടുത്തപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ നിജേഷി​ന്‍റെ പങ്കിനെപ്പറ്റി വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് ഹരജിയിൽ കോടതിയിൽ ബോധിപ്പിച്ചത്. 2019 ജനുവരി മാസമാണ് കൈനാട്ടിയിൽ വെച്ച് രാജേന്ദ്ര​ന്‍റെ പണം തട്ടിയെടുത്തത്.

നിജേഷ് ഉൾപ്പെടെയുള്ള സംഘത്തിൽ നിന്നും രണ്ടു തവണ സ്വർണം വാങ്ങിയതായി പരാതിക്കാരൻ സ്‌പെഷൽ ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. കൊയിലാണ്ടി സ്വദേശിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഈ കേസിൽ പ്രതിയായ അഖിന് ബന്ധമുണ്ടെന്ന് അന്വേഷത്തിൽ തെളിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തി​ന്‍റെ ഭാഗമായാണ് കേസ് പുനരന്വേഷണത്തിന് പൊലീസിനെ പ്രേരിപ്പിച്ചത്.

Tags:    
News Summary - Order for re-investigation in gold robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.