വടകര: മണിയൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഇനി വിശന്നു വലയില്ല. ഊട്ടുപുര പദ്ധതിക്ക് തുടക്കമായി. രാവിലെ മുതൽ വൈകീട്ട് വരെ എല്ലാവർക്കും ലഘു ഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിനായി പഞ്ചായത്തിൽ സൗകര്യമൊരുക്കിയാണ് ഗ്രാമപഞ്ചായത്ത് മാതൃകയായത്.
ഒരുനേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ പഞ്ചായത്ത് ഓഫിസിൽ എത്തി ഭക്ഷണം കഴിച്ച് മടങ്ങാം. രാവിലെയും വൈകീട്ടും ചെറുകടിയും ചായയും, ഉച്ചക്ക് മീൻ കറിയും പച്ചക്കറിയും ഉൾപ്പെടെ വിഭവ സമൃദ്ധമായ ഊണും കഴിക്കാം. ഗ്രാമപഞ്ചായത്ത് ഓഫിസ് പ്രവൃത്തിക്കുന്നത് ഒറ്റപ്പെട്ട സ്ഥലത്താണ്.
ഓഫിസിനടുത്ത് പ്രത്യേകിച്ച് കടകളൊന്നുമില്ല. ഓഫിസിലെത്തുന്നവർ ആവശ്യങ്ങൾ നിറവേറ്റാൻ വൈകിയാൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് പദ്ധതി ആരംഭിക്കാൻ പ്രേരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മെംബർമാരും ജീവനക്കാരുമാണ് ഇതിന് വേണ്ട ഫണ്ട് കണ്ടെത്തി പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഓഫിസിനകത്ത് തന്നെയാണ് ഭക്ഷണം കഴിക്കാൻ സജ്ജീകരണ മൊരുക്കിയത്. പാചകത്തിന് തൊഴിലാളിയെയും ഏർപ്പാടാക്കിയിട്ടുണ്ട്. ഊട്ടുപുര കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ്, വൈസ് പ്രസിഡന്റ് എം. ജയപ്രഭ, പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.