വടകര: വടകര മോഡൽ പോളിടെക്നിക് കോളജിൽ സംഘടിപ്പിച്ച ജോബ് ഫെസ്റ്റ് ഉദ്യോഗാർഥികളെകൊണ്ട് വീർപ്പുമുട്ടി, ഒഴുകിയെത്തിയത് ആയിരങ്ങൾ. വിനയായി പ്രിൻസിപ്പലിന്റെ വാട്സ്ആപ് സന്ദേശം. കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പോളിടെക്നിക്കും സംയുക്തമായാണ് ശനിയാഴ്ച ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
ഫെസ്റ്റിന്റെ പ്രചാരണത്തിന്റ ഭാഗമായി തയാറാക്കിയ ബ്രോഷറിനൊപ്പം പോളിടെക്നിക് കോളജ് പ്രിൻസിപ്പലിന്റ വോയ്സ് സന്ദേശവുമുണ്ടായിരുന്നു.
ഏതു പ്രായത്തിലുള്ളവർക്കും വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാമെന്നും വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്നുമായിരുന്നു സന്ദേശം. വിവരമറിഞ്ഞ് അതിരാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികൾ മോഡൽ പോളിടെക്നിക് കോളജിലേക്ക് ഒഴുക്കായിരുന്നു. ഗ്രൗണ്ടിൽ ഉദ്യോഗാർഥികളെ ഉൾക്കൊള്ളാനാവാതെ കോളജ് കെട്ടിടത്തിന്റ ഒന്നാംനിലയിലേക്ക് വരെ ആളുകൾ നിറഞ്ഞു. തൊഴിലുറപ്പ് ജോലികൾ മാറ്റിവെച്ച് സ്ത്രീകൾ അടക്കമുള്ളവരും എത്തിയിരുന്നു.
സ്വകാര്യ ബസുകളിൽനിന്നുതിരിയാൻ ഇടമില്ലാത്ത തിരക്കായിരുന്നു. സ്ഥലത്തെത്തിയവർക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ പോലും അധികൃതർക്കായില്ല. സ്വീപ്പർ പോസ്റ്റ് മുതൽ ഉന്നത ജോലിവരെ പ്രതീക്ഷിച്ചെത്തിയവർ എന്തു ചെയ്യണമെന്നറിയാതെ പ്രകോപിതരാവുകയും സങ്കടം ഉള്ളിലൊതുക്കി പ്രതികരിക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് കോളജിനകത്ത് കയറിയത്.
ഇടവഴി റോഡുകളിലടക്കം വാഹനങ്ങളെയും ഉദ്യോഗാർഥികളെയുംകൊണ്ട് നിറഞ്ഞതിനാൽ ഇതുവഴിയുള്ള കാൽനടയും ദുഷ്കരമായിരുന്നു.
ഇതിനിടെ ഓൺലൈൻ മാധ്യമങ്ങളിൽ പ്രിൻസിപ്പലിന്റെ ക്ഷമാപണം വന്നു. കോളജിലെ അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് ജോബ് ഫെസ്റ്റിന്റെ പ്രചാരണത്തിന് നൽകിയ സന്ദേശം ചോർന്നതാണെന്നും ബുദ്ധിമുട്ട് അനുഭവിച്ചവരോട് ക്ഷമ ചോദിക്കുന്നെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം. കൃത്യമായ വിവരം നൽകാതെ ഉദ്യോഗാർഥികളെ വലച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.