വടകര: നിക്ഷേപകരെ വഞ്ചിച്ച ജ്വല്ലറി കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താൻ ജില്ല പൊലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ബുധനാഴ്ച ജില്ല പൊലീസ് ആസ്ഥാനത്ത് രാവിലെ 11ന് റിവ്യൂ മീറ്റിങ് നടക്കും. കുറ്റ്യാടി, നാദാപുരം, പയ്യോളി ജ്വല്ലറി തട്ടിപ്പിനോടൊപ്പം വില്യാപ്പള്ളിയിലെ ജ്വല്ലറിയിലെ തട്ടിപ്പ് സംബന്ധിച്ചും പൊലീസ് അേന്വഷണം ഊർജിതമാണ്.
നിക്ഷേപകരിൽനിന്ന് സ്വർണം സ്വീകരിച്ച് മുങ്ങിയ വില്യാപ്പള്ളി സ്വർണമഹൽ ജ്വല്ലറി മാനേജിങ് പാർട്ണർ പള്ളിയത്ത് സ്വദേശി അബ്ദുൽ റഷീദ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
സ്വർണം നിക്ഷേപമായി സ്വീകരിച്ച് കട അടച്ചുപൂട്ടിയശേഷം മുങ്ങിയ മുഖ്യപ്രതി അബ്ദുൽ റഷീദ്, തിരുവള്ളൂർ സ്വദേശി മുഹമ്മദലി എന്നിവർക്കെതിരെയാണ് കഴിഞ്ഞദിവസം വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പുറമേരി കുനിങ്ങാട് സ്വദേശി തൈക്കണ്ടിയിൽ ഹാരിസ് നൽകിയ പരാതിയിലാണ് അന്വേഷണം. തട്ടിപ്പ് പുറത്തായതോടെ ചൊവ്വാഴ്ച നാലോളം പരാതികൾ അന്വേഷണസംഘത്തിന് മുന്നിലെത്തി. 2017 മുതലാണ് കടയിൽ ആഭരണങ്ങൾ വാങ്ങാൻ എത്തുന്നവരെ പ്രലോഭിപ്പിച്ച് സ്വർണനിക്ഷേപം സ്വീകരിച്ചുതുടങ്ങിയത്.
2021 ജനുവരി വരെ പവന് പ്രതിമാസം 200 രൂപ പ്രകാരം നിക്ഷേപകർക്ക് നൽകിയിരുന്നു. തുടർന്ന് നിക്ഷേപകർക്ക് ലാഭവിഹിതം ലഭിക്കാതാവുകയും സ്ഥാപനം അടച്ചിട്ട നിലയിലുമായിരുന്നു.
പയ്യോളി, കുറ്റ്യാടി, നാദാപുരം ജ്വല്ലറി തട്ടിപ്പ് പുറത്തായതോടെയാണ് സ്വർണമഹൽ ജ്വല്ലറിക്കെതിരെയും പരാതിയുമായി നിക്ഷേപകർ പൊലീസിനെ സമീപിച്ചത്. ഈ സ്ഥാപനത്തിന് ഏഴ് പാർട്ണർമാരാണ് ഉള്ളതെന്നും നാലു കിലോയോളം സ്വർണം ജ്വല്ലറിയിൽനിന്ന് പാർട്ണർ കടത്തിയതായും കൂടാതെ ബിനാമി നിക്ഷേപകർ ഉള്ളതായും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സ്ഥാപനത്തിൽ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ പി.കെ. രാജ്മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.