വടകര: കോവളം-ബേക്കൽ പശ്ചിമതീര ജലപാതയുടെ ഭാഗമായ വടകര മാഹി കനാലിന്റെ ഒന്നാം റീച്ചിൽ പ്രവൃത്തി ഉടൻ ആരംഭിക്കും. ചെയിനേജ് 450.080 കി.മീ. മുതൽ 454.080 കി.മീ. വരെയുള്ള നാലു കി.മീറ്റർ ഭാഗത്ത് കനാൽ നിർമാണത്തിന്റെ ബാക്കി പ്രവൃത്തികൾക്ക് 21.80 കോടി രൂപയുടെ ഭരണാനുമതിയായി. വടകര-മാഹി കനാലിന്റെ തുടക്കത്തിൽ മൂഴിക്കൽ മുതൽ കന്നിനട വരെയാണ് പ്രവൃത്തി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള കനാലിന്റെ വീതിയും ആഴവും വർധിപ്പിച്ച് ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇരുകരകളിലും റോഡും സുഗമമായ ജലനിർഗമന സൗകര്യവും ആവശ്യമുള്ള സ്ഥലങ്ങളിൽ കരസംരക്ഷണ പ്രവൃത്തിയും ഉൾപ്പെട്ടതാണ് പദ്ധതി. കനാൽ വികസനത്തിന് 20.82 ഏക്കർ ഭൂമി പുതുതായി ഏറ്റെടുത്തിട്ടുണ്ട്. നഷ്ടപരിഹാരമായി 8.6 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഒരു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ നാലു കി.മീ. ദൈർഘ്യമുള്ള വടകര മാഹി കനാൽ ഒന്നാം റീച്ച് പൂർണമായും ദേശീയ ജലപാത നിലവാരത്തിൽ ഗതാഗതയോഗ്യമാകും.
കാർഷിക-ടൂറിസം മേഖലകളിൽ വലിയ മുന്നേറ്റമാണ് പദ്ധതി പൂർത്തിയാകുന്നതോടെ ഉണ്ടാവുക. വടകര മാഹി കനാൽ നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കൊയിലാണ്ടി സ്പെഷൽ തഹസിൽദാർ ഓഫിസ് മുഖേന ഭൂവുടമകൾക്ക് തുക നൽകിവരുകയാണ്.
ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി 121 പേർക്ക് തുക നൽകിയിട്ടുണ്ടെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. ബാക്കിയുള്ള 388 ഭൂവുടമകൾക്ക് തുക നൽകാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും. വടകര മാഹി കനാൽ വികസന പ്രവൃത്തികളുടെ ഭാഗമായി മൂന്നാം റീച്ചിൽ പുതിയ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. വടകര മാഹി കനാലിന്റെ കുറുകെ കോട്ടപ്പള്ളിയിൽ പാലം നിർമിക്കുന്നതിന് ആർച്ച് ബ്രിഡ്ജ് ഡിസൈൻ അനുസരിച്ച് തയാറാക്കിയ ഡി.പി.ആർ പരിശോധിച്ചുവരുകയാണ്. 2025ഓടെ വടകര മാഹി കനാൽ ജലപാത കമീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.