വടകര: പരിസ്ഥിതിയേയും ഭൂമിയേയും സംരക്ഷിക്കുന്നതിനായി എർത്ത് ഡേറ്റ് വർക്ക് ഇന്ത്യയുടെ 2021 ലെ ദേശീയ ഭൗമ ദിന അവാർഡ് വടകര നഗരസഭക്ക് ലഭിച്ചതായി ഏഷ്യ റീജനൽ ഡയറക്ടർ കരുണ എസ്. സിങ് അറിയിച്ചതായി നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാലിന്യങ്ങൾ കുറയ്ക്കലും, കൈകാര്യം ചെയ്യലും, ശുദ്ധവും, ഹരിതവുമായ ഊർജത്തിലേക്ക് മാറുന്നതിനെ പ്രോത്സാഹിപ്പിക്കുക, യുവാക്കൾക്കിടയിൽ പരിസ്ഥിതി കാര്യനിർവഹണം എന്നിവ ലക്ഷ്യമിട്ടുള്ള പരിപാടികളിലൂടെ ഭൂമിയെ പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാണ് അവാർഡ്. നഗരസഭയുടെ ഗ്രീൻ ഷോപ്പുകൾ, പുനരുപയോഗിക്കാവുന്ന വസ്ത്രങ്ങൾക്കായുള്ള ഷോപ്പുകൾ, പാത്രങ്ങളും മറ്റും വാടകയ്ക്ക് നൽകുന്ന ഷോപ്പ്, ഉപേക്ഷിക്കപ്പെട്ട ഇ-മാലിന്യങ്ങൾ വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കളാക്കി മാറ്റുന്ന റിപ്പയർ ഷോപ്പ്, പരിസ്ഥിതി സൗഹൃദ ഉൽപന്ന നിർമാണ വിതരണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.
നഗരസഭയുടെ കുടുംബസംരംഭമായ ഹരിയാലി ഹരിത കർമസേനയുടെ മാതൃക നിലനിർത്തിയാണ് ദേശീയ അവാർഡ് നഗരസഭയ്ക്ക് ലഭിച്ചത്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തുടർന്നും മാലിന്യ സംസ്കരണ രംഗത്ത് മുഴുവനാളുകളുടെയും സഹകരണം ഉണ്ടാകണമെന്നും ചെയർ പേഴ്സൺ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാൻ പി.കെ. സതീശൻ, നഗരസഭ സെക്രട്ടറി കെ. മനോഹർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. വനജ, എ.പി. പ്രജിത, പി. സജീവ്കുമാർ, പ്രതിപക്ഷ നേതാവ് വി.കെ. അസീസ്, ടി. കെ. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.