വടകര: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരസഭ പഴയ ബസ് സ്റ്റാൻഡിനു സമീപം സ്ഥാപിച്ച ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി കണ്ടെത്തിയെന്ന ആരോപണത്തിൽ വിവാദം കൊഴുക്കുന്നു.
ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളരുന്നതായി യുവാവ് അറിയിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച വടകര പൊലീസ് ചെടിച്ചട്ടി കസ്റ്റഡിയിലെടുത്തിരുന്നു. ചെടി കസ്റ്റഡിയിലെടുത്തതോടെ നഗരസഭ കഞ്ചാവ് ചെടി വളർത്തിയെന്നതരത്തിൽ വാർത്തകളും പുറത്തുവന്നു. അടിസ്ഥാനരഹിത വാർത്തയാണെന്നും നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ വ്യക്തമാക്കി. കൗൺസിലിലും പ്രതിഷേധിച്ചു. ചെടിച്ചട്ടിയിൽ വളർന്നത് കഞ്ചാവ് ചെടിയാണോയെന്ന് പരിശോധിക്കണമെന്നും കഞ്ചാവ് ചെടിയാണെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകി.
ചെടിച്ചട്ടികളിൽ കഞ്ചാവ് കൃഷി ചെയ്യുന്നതായി വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ വടകര നഗരസഭയും പൊലീസും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മുനിസിപ്പൽ ഏരിയ മുസ് ലിം ലീഗ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ചെടികളെ പരിപാലിക്കുന്നതിനും ദിനേന നനക്കുന്നതിനുമായി നഗരസഭ 60,000 രൂപ കരാർ നൽകിയതാണ്.
സംഭവം നഗരസഭയുടെ പിടിപ്പുകേടാണെന്ന് വടകര മുനിസിപ്പൽ മുസ് ലിം ലീഗ് പ്രസിഡന്റ് എൻ.പി. അബ്ദുല്ല ഹാജിയും ജനറൽ സെക്രട്ടറി എം.പി. അബ്ദുൽ കരീമും പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ചെടിച്ചട്ടിയിൽ വളർന്നത് കഞ്ചാവ് ചെടിയല്ലെന്നും സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.