വടകര: ദേശീയപാത വികസനം ത്വരിതഗതിയിൽ പുരോഗമിക്കുമ്പോൾ പരാതികളുടെ പ്രളയം. റോഡ് ഉഴുത് മറിച്ചും സർവിസ് റോഡുകൾ ഇല്ലാതാക്കിയും പ്രവൃത്തി നടത്തുന്നത് ജനജീവിതം ദുരിതമാക്കി. കൈനാട്ടി മുതൽ അഴിയൂർ വരെയുള്ള അഴിയൂർ റീച്ചന്റെ പ്രവൃത്തിയാണ് നടക്കുന്നത്. പഴയ ദേശീയപാത കെ.ടി ബസാർ നാദാപുരം റോഡ് ഭാഗം വരെ കീറിമുറിച്ചിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് മിക്ക സർവിസ് റോഡുകളിലേക്കും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളിലേക്ക് കാൽനട ദുസ്സഹമാണ്. റോഡ് ഉഴുത് മറിച്ചതിനാൽ കാലവർഷത്തിൽ ചളിക്കളമായി. ദേശീയ പാതയോട് ചേർന്ന നിരവധി കുടുംബങ്ങളാണ് യാത്ര സൗകര്യത്തിൽ വീർപ്പുമുട്ടി കഴിയുന്നത്.
ഒരു ഭാഗത്ത് സർവിസ് റോഡുകൾ നിഷേധിക്കുകയും മറുഭാഗത്ത് നിലവിലുള്ള റോഡുകളിലേക്കുള്ള യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. വീടുകൾക്ക് മുമ്പിൽ മതിൽ നിർമിക്കാൻ വ്യക്തമായ മറുപടി അധികൃതരുടെ ഭാഗത്ത്നിന്ന് ഇത് വരെ ഉണ്ടായിട്ടില്ല. പാത നിർമാണവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ ആസൂത്രണത്തിലെ പാളിച്ചകളാണ് ജനജീവിതം ദുരിതമാക്കാനിടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്ന് കർമസമിതി ജില്ല കമ്മിറ്റിയോഗം മുന്നറിയിപ്പ് നൽകി.
സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭവും നിയമപരമായ പോരാട്ടത്തിനും നേതൃത്വം നൽകും. കൺവീനർ എ.ടി മഹേഷ് അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, പി.കെ. കുഞ്ഞിരാമൻ, പി. സുരേഷ്, പി. ബാബുരാജ്, പി. പ്രകാശ് കുമാർ, ടി. ചന്ദ്രൻ, ഡോ. എം.പി. രാജൻ, സുരേഷ് ബാബു പുതുപ്പണം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.