നന്മണ്ട: അരങ്ങു കാണാത്ത ആദ്യ നാടകത്തിന്റെ ഓർമയിൽ നീറി വിശ്വൻ നന്മണ്ട. നന്മണ്ട ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്പലപ്പൊയിൽ സ്കൂളിനടുത്തെ കൂടത്തുംകണ്ടി വിശ്വനാഥനെന്ന വിശ്വൻ നന്മണ്ടയുടെ അകതാരിൽ നാടകമോഹം ഉദിക്കുന്നത്.
സ്കൂൾ വാർഷികത്തിന് ഗൗരവമുള്ള ഒരു നാടകം അവതരിപ്പിക്കാൻ വിശ്വനും കൂട്ടരും തീരുമാനിച്ചു. അവർ ഒരു നാടകം കണ്ടെത്തി പരിശീലനവും ആരംഭിച്ചു. മാസങ്ങൾ നീണ്ട പരിശീലനത്തിനുശേഷം നാടകം സെലക്ഷൻ കമ്മിറ്റിയുടെ മുന്നിലെത്തിയെങ്കിലും അരങ്ങേറ്റം നടത്താൻ അനുമതി നൽകിയില്ല. ചേളന്നൂർ ശ്രീനാരായണ ഗുരു കോളജിലെത്തിയിട്ടും നാടകം വിശ്വനെ വിട്ടൊഴിഞ്ഞില്ല. ചെറുതും വലുതുമായി ഇരുപതോളം നാടകങ്ങളിൽ അഭിനയിച്ചു. 1978ൽ മലയോര മേഖലയായ തലയാട് എ.എൽ.പി സ്കൂളിൽ താൽക്കാലിക അധ്യാപകനായി ജോലി കിട്ടിയതോടെ അവിടെയും നാടകക്കമ്പം അരങ്ങുതകർത്തു. സ്കൂൾ വാർഷികത്തിനും പള്ളിപ്പെരുന്നാളിനുമായി നാലു നാടകം അവതരിപ്പിച്ചതോടെ നാട്ടുകാരുടെ ഇഷ്ടനടനായി മാറി.
ശിവരാമൻ മാസ്റ്ററാണ് വിശ്വനിലെ രചനാവൈഭവം തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ സ്ക്രിപ്റ്റ് അന്വേഷിച്ചുപോവാതെ സ്വന്തമായി എഴുതാൻ പറഞ്ഞു. മാസ്റ്ററുടെ ഉപദേശം ശിരസാവഹിച്ച വിശ്വൻ ആദ്യ നാടകം 'തച്ചോളി അമ്പാടി' എഴുതി. രചനക്ക് പുറമെ സംവിധായകന്റെ മേലങ്കിയും അണിഞ്ഞു. 1979 മുതൽ കോഴിക്കോട് ആകാശവാണിയിൽ കാഷ്വൽ എ ഗ്രേഡ് ആർട്ടിസ്റ്റാണ് വിശ്വൻ.
നൂറിൽപരം റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകി. ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ഉമ്മാച്ചുവിലെ മായനും ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങൾ. നാടകരംഗത്തെ പ്രശസ്തരായ കുഞ്ഞാണ്ടി, കുഞ്ഞാവ, ശാന്താദേവി, വിക്രമൻ നായർ എന്നിവരോടൊപ്പം നാടകങ്ങളിൽ പങ്കെടുക്കാനായത് അപൂർവ സൗഭാഗ്യമെന്നും വിശ്വൻ പറയുന്നു. നന്മണ്ട ഉപാസനയുടെ അമരക്കാരനായിരുന്നു.
വിശ്വന്റെ കൈമുദ്ര പതിഞ്ഞ നാടകങ്ങൾ നൂറിലേറെയാണ്. നാലു പതിറ്റാണ്ടിലേറെയായി നാടകരംഗത്തെ സ്പന്ദനമായി മാറിയ വിശ്വൻ മണ്ഡലം കോൺഗ്രസിന്റെ അമരക്കാരനാണ്. ഭാര്യ: വിനോദിനി. ജ്യോത്സന, പൊന്നുലക്ഷ്മി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.