കോഴിക്കോട്: ജില്ലതല തദ്ദേശ അദാലത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ലഭിച്ച 690 പരാതികളില്‍ 671 എണ്ണത്തിലും അനുകൂല തീര്‍പ്പുണ്ടാക്കാനായതായി മന്ത്രി എം.ബി. രാജേഷ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പുതുതായി ലഭിച്ച 233 പരാതികളില്‍ തുടര്‍പരിശോധന നടത്തി രണ്ടാഴ്ചക്കകം തീര്‍പ്പുണ്ടാക്കും. ജില്ല അദാലത്തില്‍ വന്ന ചില പരാതികള്‍ സംസ്ഥാനത്തെ പൊതു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വഴി തുറന്നതായും മന്ത്രി പറഞ്ഞു.
കേരളം ബിസിനസ് സൗഹൃദമല്ലെന്ന പതിവ് പ്രചാരണങ്ങള്‍ക്കിടയിലും ഈസ് ഓഫ് ബിസിനസ് ഡൂയിങ് റാങ്കിങ്ങില്‍ രാജ്യത്ത് ഒന്നാമതെത്താനായത് സംസ്ഥാനത്തിന്റെ വികസനത്തില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ജൂബിലി ഹാളില്‍ ജില്ലതല തദ്ദേശ അദാലത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളോത്സവം പഞ്ചഗുസ്തി മത്സരത്തിനിടെ കൈമുട്ടിന് പരിക്കേറ്റ ദിയ അഷ്റഫിന് ചികിത്സ ചെലവുകള്‍ അനുവദിക്കുന്നതിന് പുറമെ അധിക ധനസഹായമായി രണ്ടു ലക്ഷം നല്കാന് മന്ത്രി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിർദേശം നല്കി. നടൻ വിജിലേഷിന് വീടിന്റെ ഒക്യുപൻസിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് അദാലത്തിൽ പരിഹാരമായി. ഓൺലൈനായി നടപടികൾ നിർവഹിച്ച് അര മണിക്കൂറിനുള്ളിൽ അദാലത്ത് വേദിയിൽ മന്ത്രി വിജിലേഷിന് ഒക്യുപൻസി സർട്ടിഫിക്കറ്റ് കൈമാറി. അരിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ വിജിലേഷ് നിർമിച്ച 188.51 ച.മീറ്ററുള്ള വീടുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വീടിന്റെ സമീപത്തെ ഇടവഴിയുമായുള്ള അകലം സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വിജിലേഷിന്റെ അപേക്ഷ പഞ്ചായത്ത് നിരസിച്ചത്.
അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ബീന ഫിലിപ്, എം.എൽ.എമാരായ തോട്ടത്തില്‍ രവീന്ദ്രന്, കെ.പി കുഞ്ഞമ്മദ് കുട്ടി, കെ.എം. സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, കെ.കെ. രമ, കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, മുനിസിപ്പല്‍ ചേംബര്‍ ചെയര്പേഴ്സൻ കെ.പി. ബിന്ദു, ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് പി.ജി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് എന്‍.പി. ബാബു, എൽ.എസ്.ജി.ഡി റൂറല്‍ ഡയറക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ചന്ദ്രന്, ചീഫ് എൻജിനീയര്‍ കെ.ജി. സന്ദീപ് എന്നിവര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും ടി.ജെ. അരുണ്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.