കോഴിക്കോട്: വഖഫ് ബോർഡിൽ ധൂർത്തും ദുർവ്യയവും നടക്കുന്നതായി ആക്ഷേപം. ബോർഡ് യോഗം ചേരാതെ, തന്നെ പുറത്താക്കാനുള്ള തീരുമാനമെടുത്തതിനെതിരെ സി.ഇ.ഒ ബി.എം. ജമാൽ ഹൈകോടതിയിൽ ബോധിപ്പിച്ച കേസുകളിൽ ബോർഡ് സ്റ്റാൻഡിങ് കോൺസൽ അഡ്വ. ടി.കെ. സൈതാലിക്കുട്ടി നിലവിലിരിക്കെ സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും അഡ്വ. രമേശ് ബാബുവിന് വക്കാലത്ത് നൽകുകയും ലക്ഷങ്ങൾ ഫീസ് നൽകുകയും ചെയ്തതായി ഒരുവിഭാഗം അംഗങ്ങൾ ആരോപിക്കുന്നു. സുപ്രീം കോടതിയിലുള്ള കേസിലും ബോർഡ് തീരുമാനമെടുക്കാതെ സീനിയർ അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. ബോർഡ് യോഗത്തിൽ അജണ്ട നിശ്ചയിക്കാതെ യും തീരുമാനമെടുക്കാതെയുമുള്ള പുതിയ സി.ഇ.ഒ നിയമന നടപടികൾ ബോർഡ് മെംബർമാർ നൽകിയ കേസിൽ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
അഭിഭാഷകരെ നിയോഗിച്ചും പരസ്യം നൽകിയും ലക്ഷങ്ങൾ ചെലവിടുന്നതിനെതിരെ ബോർഡ് അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർ വിയോജനക്കുറിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ എട്ടു വഖഫ് ബോർഡ് ഓഫിസുകളിൽനിന്ന് ഡിവിഷനൽ ഓഫിസർമാർ നൽകേണ്ട സർട്ടിഫിക്കറ്റുകൾ മന്ത്രി നേരിട്ട് നൽകുന്നതും വിമർശിക്കപ്പെടുന്നുണ്ട്. വിവിധ സഹായങ്ങൾ മാസങ്ങളായി നൽകാതെ ആഡംബര പരിപാടികൾ നടത്തുന്നതിനെതിരെയും പ്രതിഷേധമുണ്ട്.അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ പറഞ്ഞു.
ബോർഡ് സി.ഇ.ഒ തന്നെ അന്യായക്കാരനായ സാഹചര്യത്തിലാണ് അഡ്വ. രമേശ് ബാബുവിന് വക്കാലത്ത് നൽകിയത്. സുപ്രീംകോടതിയിലും ഇക്കാരണത്താലാണ് അഭിഭാഷകനെ നിയോഗിച്ചത്. വഖഫ് സ്ഥാപനങ്ങൾ ബോർഡിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. ഇങ്ങനെ രജിസ്റ്റർ ചെയ്യാത്തവർക്ക് പ്രത്യേക അദാലത്ത് ഒരുക്കി രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.സർട്ടിഫിക്കറ്റുകൾ ഓഫിസിൽനിന്ന് കൊടുക്കുന്നതിന് പകരം മന്ത്രി നൽകുന്നു എന്നതിൽ കവിഞ്ഞ് വിവാദമാക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.