കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപോത്തുകൾ വിലസുമ്പോഴും അധികൃതർ ജാഗ്രത കാണിക്കാത്തതിന്റെ അനന്തരഫലമാണ് കക്കയം പാലാട്ട് അബ്രഹാമിന്റെ ദാരുണാന്ത്യം. കക്കയം വനമേഖലയിൽനിന്ന് കാട്ടുപോത്തുകൾ നിരന്തരം ജനവാസ കേന്ദ്രങ്ങളിലേക്ക് സ്വൈരവിഹാരം നടത്തുകയാണ്.
12 കിലോമീറ്റർ ദൂരത്തുള്ള കൂരാച്ചുണ്ടിലെ ജനവാസകേന്ദ്രങ്ങളിൽ തിങ്കളാഴ്ച പട്ടാപ്പകൽ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. ഭാഗ്യംകൊണ്ടാണ് ആരെയും ആക്രമിക്കാതിരുന്നത്. ഒരുമാസം മുമ്പാണ് കക്കയത്ത് വിനോദസഞ്ചാരികളായ അമ്മയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ച് പരിക്കേൽപിച്ചത്. മനുഷ്യജീവന് ഭീഷണിയായ കാട്ടുപോത്തുകളെ വെടിവെക്കാനുള്ള ഉത്തരവ് നൽകണമെന്ന് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട തിങ്കളാഴ്ച ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉത്തരവൊന്നും ലഭിച്ചില്ല.
പോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചതോടെ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ പോത്തുകളെ വെടിവെക്കാൻ ഉത്തരവിടണമെന്ന് സമ്മർദം ശക്തമായിട്ടുണ്ട്. അതുകൊണ്ട് ജില്ല കലക്ടർ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉത്തരവിറക്കുമെന്നാണ് അറിയുന്നത്. കാട്ടുപോത്തുകൾ മാത്രമല്ല കാട്ടാനകളും കൂരാച്ചുണ്ട് പഞ്ചായത്തിലെ ജനജീവിതത്തിന് തടസ്സമാവുകയാണ്.
ഒരാഴ്ച മുമ്പ് കക്കയം 30ാം മൈലിൽ തുവ്വക്കടവ് മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വനം വകുപ്പ് കാര്യക്ഷമമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിനു കീഴിലെ കക്കയം ഡിവിഷനിൽ ആവശ്യത്തിന് വനപാലകരോ സംവിധാനങ്ങളോ ഇല്ലെന്നാണ് ആരോപണം.
വന്യമൃഗങ്ങളെ തുരത്താൻ കുറച്ച് പടക്കമല്ലാതെ മറ്റൊന്നുമില്ല. കാട്ടാനകളെ തുരത്താൻ പടക്കം ഉപയോഗിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടി ഫോറസ്റ്റ് വാച്ചർക്ക് പരിക്കേറ്റിരുന്നു. കാട്ടുമൃഗശല്യം ഇങ്ങനെ അധികരിക്കുകയാണെങ്കിൽ എല്ലാം ഉപേക്ഷിച്ച് സുരക്ഷിത താവളം തേടി പോകേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യവും കൂരാച്ചുണ്ട് പഞ്ചായത്തിൽ ഉടനീളമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.