കോഴിക്കോട്: സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ എം.ആർ.ഐ സ്കാൻ യൂനിറ്റ് പ്രവർത്തനരഹിതമായതോടെ മെഡിക്കൽ കോളജ് അത്യാഹിതവിഭാഗം എം.ആർ.ഐ യൂനിറ്റിൽ വൻതിരക്ക്. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽനിന്നുള്ള എം.ആർ.ഐ പരിശോധനകളെല്ലാം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നതാണ് തിരിക്കിനിടയാക്കുന്നത്. ഇതോടെ, വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് എം.ആർ.ഐ പരിശോധനക്ക് മാസങ്ങൾ കാത്തിരിക്കണം. മാത്രമല്ല, അപകടത്തിൽപെട്ട് അത്യാഹിത വിഭാഗത്തിലെത്തുന്നവർക്കുള്ള എം.ആർ.ഐ പരിശോധന വൈകുകയാണ്.
മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം തീയതി കിട്ടി എം.ആർ.ഐ പരിശോധനക്ക് അതിരാവിലെ എത്തുന്ന രോഗികൾ രാത്രിയോടെയാണ് പരിശോധന കഴിഞ്ഞ് മടങ്ങുന്നത്. മാത്രമല്ല, അത്യാഹിത വിഭാഗത്തിൽ തിരക്ക് വർധിക്കാനും ഇത് ഇടയാക്കുന്നു. അടിയന്തരമായി ചികിത്സ ആവശ്യമുള്ളവർക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ്. ഇത് സാധാരണക്കാരായ രോഗികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
മൂന്നുമാസം മുമ്പാണ് സൂപ്പർ സ്പെഷാലിറ്റിയിലെ എം.ആർ.ഐ യൂനിറ്റ് അടച്ചത്. മെഷീൻ കാലാവധി കഴിഞ്ഞ് പ്രവർത്തന രഹിതമാവുകയായിരുന്നു. 2008ലാണ് സൂപ്പർ സ്പെഷാലിറ്റിയിൽ ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) എം.ആർ.ഐ യൂനിറ്റ് സ്ഥാപിച്ചത്. 16 വർഷം പ്രവർത്തിച്ച മെഷീൻ ഇനി അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നായതോടെ എല്ലാ എം.ആർ.ഐ പരിശോധനകളും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
നേരത്തെ രണ്ടു യൂനിറ്റുകൾ പ്രവർത്തിച്ചിരുന്നപ്പോൾ ദിനംപ്രതി 50 ഓളം പരിശോധനകൾ നടന്നിരുന്നത് ഇപ്പോൾ 30 എണ്ണം മാത്രമേ നടത്താൻ കഴിയുന്നുള്ളൂ. യൂനിറ്റിന് എട്ട് മണിക്കൂർ വിശ്രമം അത്യാവശ്യമായതിനാൽ രാത്രിയിലും പരിശോധന നടത്താൻ കഴിയില്ലെന്നും അധികൃതർ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി തിരിച്ചടി
സൂപ്പർ സ്പെഷാലിറ്റിയിൽ പ്രവർത്തനരഹിതമായ യൂനിറ്റ് അപ്ഗ്രേഡ് ചെയ്യലോ പുതിയത് സ്ഥാപിക്കലോ ആണ് പ്രതിസന്ധിക്ക് പരിഹാരം. പുതിയത് സ്ഥാപിക്കാൻ ഒമ്പത് കോടിയും പഴയത് അപ്ഗ്രേഡ് ചെയ്യാൻ 4.5 കോടിയും വേണം. ഇവ രണ്ടിന്റെയും സാധ്യതകൾ പരിശോധിക്കുന്നതിന് റേഡിയോളജി വകുപ്പ് മേധാവി ഡോ. ദേവരാജനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് എച്ച്.ഡി.എസ്. അപ്ഗ്രേഡ് ചെയ്യുന്നതിന് കമ്പനി അധികൃതർ മുന്നോട്ടുവെച്ച നിർദേശങ്ങളും ബയോമെഡിക്കൽ എൻനീയറുടെ വിദഗ്ധാഭിപ്രായവും അടക്കം അടുത്ത വികസന സമിതി യോഗത്തിൽ സമർപ്പിക്കുമെന്ന് ഡോ. ദേവരാജൻ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന എച്ച്.ഡി.എസിന് കോടികളുടെ ഫണ്ട് കണ്ടെത്തൽ കനത്ത വെല്ലുവിളിയാണെന്ന് അധികൃതർ പറയുന്നു. നിലവിൽ അത്യാഹിത വിഭാഗത്തിലേക്ക് ജീവനക്കാരെ നിയമിച്ച ഇനത്തിൽ ഭാരിച്ച തുകയാണ് എച്ച്.ഡി.എസിന് ബാധ്യത വരുന്നത്. പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം പ്രവൃത്തി ആരംഭിച്ചപ്പോൾ ഇതിലേക്ക് ഒരു തസ്തിക പോലും ആരോഗ്യവകുപ്പ് അനുവദിച്ചിരുന്നില്ല.
നിലവിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന ഏതാനും ഡോക്ടർമാരെ പുനർവിന്യസിക്കുക മാത്രമാണ് ചെയ്തത്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, സെക്യൂരിറ്റി, ക്ലീനിങ് തൊഴിലാളികൾ എന്നിവരെയെല്ലാം ആശുപത്രി വികസന സമിതി കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയായിരുന്നു. ഇത് എച്ച്.ഡി.എസിന്റെ മറ്റ് പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.