നാദാപുരം: കാട്ടാനശല്യം രൂക്ഷമായ വിലങ്ങാട്ട് കർഷകരുടെ സമരകൂട്ടായ്മ രൂപവത്കരിച്ചു. വാണിമേൽ മലയോരമേഖലയായ പാലൂർ, മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലൂർ, പറക്കാട് തുടങ്ങിയ മേഖലയിൽ തുടർച്ചയായി കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കൽ വ്യാപകമായതോടെയാണ് കർഷകർ രംഗത്തിറങ്ങിയത്.
ആനശല്യത്തിന് ശാശ്വതനടപടി സ്വീകരിക്കാതെ വനംവകുപ്പിന്റെ നിരുത്തരവാദ നിലപാടിനെതിരെ കർഷകസംഘം പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് മലയോരകർഷകരുടെ സമരകൂട്ടായ്മ രൂപവത്കരിച്ച് പ്രതിഷേധം ശക്തമാക്കുന്നത്. കാട്ടാന ശല്യം കാരണം മലയോരകർഷകരുടെ ജീവിതം ദുരിതപൂർണമാണെന്നും കർഷകരുടെ ജീവനുപോലും ഭീഷണിയായിരിക്കുകയാണെന്നും കർഷകർ പറഞ്ഞു.
നിലവിലുള്ള സൗരോർജവേലി തകർന്നുകിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വനംവകുപ്പ് സൗരോർജവേലി അറ്റകുറ്റപ്പണി നടത്തിയെങ്കിലും പ്രവർത്തനസജ്ജമായിട്ടില്ല. കർഷകർ പ്രതിഷേധിക്കുമ്പോൾ കണ്ണിൽപൊടിയിടുന്ന ചില പ്രവൃത്തികൾ നടത്തുകയല്ലാതെ ശാശ്വതപരിഹാരം കാണാൻ വനംവകുപ്പ് പദ്ധതികൾ തയാറാക്കുന്നില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി സന്ദർശനം നടത്തുകയോ സൗരോർജവേലി പരിപാലിക്കുകയോ ചെയ്യുന്നില്ല. ആവശ്യത്തിന് താൽക്കാലിക വാച്ചർമാരെ നിയമിക്കാനോ അവർക്ക് കൂലിനൽകാനോ തയാറാകുന്നില്ല. വനാതിർത്തിയായ മലയങ്ങാട് മുതൽ വലിയപാനോം വരെയുള്ള ഭാഗങ്ങളിൽ പൂർണമായി സൗരോർജവേലി സ്ഥാപിക്കാനും നിലവിലുള്ളവ പ്രവർത്തനസജ്ജമാക്കാനും വനംവകുപ്പ് തയാറാകുന്നില്ല.
കർഷകരുടെ ഭൂമിയിൽ ജണ്ടകെട്ടുന്നതിന് ലക്ഷങ്ങൾ ചെലവഴിക്കുന്ന വകുപ്പിന് കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി തയാറാക്കാനും ഫണ്ടനുവദിക്കാനും തയാറാകുന്നില്ല.
മേൽപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരനടപടികൾ കാണുംവരെ തുടർ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ കർഷകരുടെ സമരകൂട്ടായ്മ തീരുമാനിച്ചു. പാലൂർ സ്കൂൾ പരിസരത്ത് ചേർന്ന കർഷകകൂട്ടായ്മയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറോളം കർഷകർ പങ്കെടുത്തു.
കർഷകസംഘം ഏരിയ കമ്മിറ്റി അംഗം കെ.പി. രാജീവൻ ഉദ്ഘാടനം ചെയ്തു. വി.സി. കേളപ്പൻ, സാബു മുട്ടത്ത് കുന്നേൽ എന്നിവർ സംസാരിച്ചു. ബിജു കുറ്റിക്കാട്ട് കൺവീനറും രഞ്ജിത്ത് കുറ്റല്ലൂർ ചെയർമാനുമായി സമരസമിതിയും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.