മുക്കം: ദിവസങ്ങളായി മലയോര മേഖലയിൽ തുടരുന്ന കനത്ത മഴയിൽ നാശനഷ്ടങ്ങൾ വർധിക്കുന്നു. ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞൊഴുകുകയാണ്. ഇതുമൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. രണ്ടുദിവസം മുമ്പുണ്ടായ വെള്ളം പൂർണമായി ഇറങ്ങുന്നതിനു മുമ്പാണ് മഴ ശക്തമായതോടെ വീണ്ടും വെള്ളം കയറിയത്. കാരശേരി പഞ്ചായത്തിൽ ചെറുപുഴയുടെ തീരങ്ങൾ ഇടിയുന്നത് സമീപവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തുള്ള മുക്കം പാലം-ചോണാട് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ഗ്രൗണ്ടിൽ വെള്ളം കയറി. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി നശിക്കുകയും വിളകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മുക്കം നഗരസഭയിലെ കച്ചേരി ഗ്രൗണ്ട്, ചേന്ദമംഗല്ലൂർ-മംഗലശ്ശേരി റോഡ്, ബി.പി. മൊയ്തീൻ പാർക്ക്, പുൽപ്പറമ്പ്-കൂളിമാട് റോഡ്, പുൽപറമ്പ്-നായർകുഴി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. ശക്തമായ മഴയിൽ കാരശേരി വടിശ്ശേരി ബാലന്റെ കിണർ ഇടിഞ്ഞു താഴ്ന്നു. മോട്ടോറും മണ്ണിനടിയിൽപെട്ടു. മലയോര മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. പുഴകളിലെ ജലനിരപ്പ് ഉയർന്നാൽ നിരവധി വീടുകളിൽ വെള്ളം കയറും. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളടക്കം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സജീകരിക്കുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവും എത്തിക്കുന്നുണ്ട്. പുഴകളിലും ജലസ്രോതസുകളിലും ജലനിരപ്പ് വൻതോതിൽ ഉയർന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകർച്ചവ്യാധികൾ അടക്കമുള്ള രോഗങ്ങൾ പടരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
നരിക്കുനി: ശക്തമായ കാറ്റിലും മഴയിലും നരിക്കുനിയിലും പരിസരങ്ങളിലും നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി പോസ്റ്റുകൾ തകർന്ന് ദീർഘനേരം വൈദ്യുതി തടസ്സവുണ്ടായി. മൂർഖൻ കുണ്ടിൽ തേക്ക് മരം വീണ് എച്ച്.ടി. ലൈൻ പോസ്റ്റ് പൊട്ടിവീണു. പാലങ്ങാട്, പാലോളിത്താഴം, പുന്നശ്ശേരി, ചക്കാലക്കൽ റോഡ്, പൈമ്പാലുശ്ശേരി, ഇടനിലാവിൽ എന്നിവിടങ്ങളിൽ മരം വീണതിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റ് തകർന്നു. പുല്ലാളൂര്‍ ചെറുവലത്ത് മീത്തല്‍ മുഹമ്മദ് സഅദിയുടെ വീടിന് മുകളിൽ മരം കടപുഴകി അപകടമുണ്ടായി. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
കൊടുവള്ളി: മലയോര പ്രദേശങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ചെറുപുഴ കരകവിഞ്ഞൊഴുകുന്നു. പുഴയോരങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിലായി. വ്യാഴാഴ്ച രാവിലെയാണ് പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ഉച്ചയോടെ പുഴ കരകവിഞ്ഞൊഴുകുകയും വീടുകളിൽ വെള്ളം കയറുകയുമായിരുന്നു. തലപ്പെരുമണ്ണ കീപ്പൊഴിൽ, കാക്കേരി, കുറുങ്ങാട്ട്, എടക്കുറുങ്ങാട്ട്, മാതോലത്ത്, സ്രാമ്പിക്കൽ, മൊയാട്ടകടവ്, കളരാന്തിരി, കണ്ടിൽ തൊടുക, പോർങ്ങോട്ടൂർ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തലപ്പെരുമണ്ണ കീപ്പൊയിൽ സുബൈദ, കുണ്ടത്തിൽ സുധ, എടക്കുറുങ്ങാട്ട് മറിയ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ ബന്ധുവീടുകളിലേക്ക് മറ്റി.
കഴിഞ്ഞ വർഷകാലത്തും ശക്തമായ മഴയിൽ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. കൂടുതൽ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യമുണ്ടായാൽ തലപ്പെരുമണ്ണ ജി.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട്. കൊടിയത്തൂർ: മഴ കനത്തതോടെ പഞ്ചായത്തിലെ കൊടിയത്തൂർ, ചെറുവാടി എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി. ഇതോടെ കാരാട്ടുമുറി റോഡ്, എള്ളങ്ങൽ റോഡ്, കണ്ടങ്ങൽ -ചെറുവാടി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. കാരാട്ട് റോഡിൽ വെള്ളം കയറിയതോടെ കാരാട്ട്, വേരൻകടവ് പ്രദേശവാസികൾ ഒറ്റപ്പെട്ടു.
കാരാട്ട് റോഡിലൂടെയാണ് ഇവിടെയുള്ളവർ നിത്യോപയോഗ സാധനങ്ങൾക്കായി കടകളിലെത്തുന്നത്. കൊടിയത്തൂർ കോട്ടമുഴിയിൽ പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർമിച്ച ഇരുമ്പുപാലം വെള്ളം കയറിയതോടെ ഗതാഗതം ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു.
താമരശ്ശേരി : ശക്തമായ കാറ്റിലും കനത്ത മഴയിലും താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ വീശിയടിച്ച കാറ്റിൽ പരപ്പൻപൊയിൽ -പുന്നശ്ശേരി റോഡിൽ കത്തറമ്മൽ അങ്ങാടിക്ക് സമിപം മരം റോഡിലേക്ക് കടപുഴകി വൈദ്യൂതിത്തുണുകൾ തകർന്നു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
തച്ചംപൊയിൽ പൂക്കോട്ട് മരംവീണ് വൈദ്യുതിത്തൂണുകൾ തകർന്നു. ഇതോടെ താമരശ്ശേരി മേഖലയിൽ വൈദ്യുതി മുടങ്ങി. കെ.എസ്.ഇ.ബി ജീവനക്കാരെത്തി മരം മുറിച്ചുമാറ്റിയ ശേഷം രാത്രിയോടെയാണ് വൈദ്യുതി പുനഃസ്ഥാപച്ചത്. ചുടലമുക്ക് അരേറ്റ്കുന്ന് സലാമിന്റെ വീടിന്റെ മുകളിലേക്ക് മരം വീണ് സ്ലാബ് തകർന്നു. പൂനൂർ പുഴ, കൂടത്തായി പുഴ നിറഞ്ഞ് കവിഞ്ഞൊഴുകി. വയലുകളും തോടുകളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
കൊടുവള്ളി: മഴക്കൊപ്പം വീശിയ കനത്ത കാറ്റിൽ തേക്കുമരം പൊട്ടി വീണ് കരുവൻപൊയിൽ മുണ്ടുപാലത്തിങ്ങൽ നാരായണൻ നായരുടെ വീട് തകർന്നു. ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്.പരപ്പൻപോയിൽ-എളേറ്റിൽ വട്ടോളി റോഡിൽ കത്തറമ്മൽ പാലത്തിന് സമീപം കാറ്റിൽ വലിയ തേക്കുമരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിത്തൂണും ലൈനും തകരുകയും ചെയ്തു.സംഭവം നടക്കുമ്പോൾ റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. നാട്ടുകാരും വൈദ്യുതി ജീവനക്കാരും ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കുന്ദമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്, വി.എച്ച്.എസ്.ഇ ബ്ലോക്കിന് പിൻവശത്തുള്ള കരിങ്കൽ ഭിത്തി തകർന്നു. പഴക്കമുള്ള മതിൽ സ്കൂൾ സ്റ്റാഫ് റൂമിന്റെ പിൻവശത്തേക്കാണ് തകർന്നുവീണത്. എൻ.ഐ.ടിയുടെ ഉടമസ്ഥതയിലുള്ള മതിലാണ് ഇടിഞ്ഞു വീണത്. എൻ.എസ്.എസ് വിദ്യാർഥികൾ നട്ട തൈകൾ നശിച്ചു. ഇടിഞ്ഞുവീണ മതിലിന്റെ ബാക്കി ഭാഗവും വീഴാൻ സാധ്യതയുണ്ട്. മതിൽ പുതുക്കി പണിയാൻ എൻ.ഐ.ടിക്ക് അപേക്ഷ നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.