വളാഞ്ചേരി ബൈപാസ്: വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ കൂടുതൽ ഡ്രൈനേജുകൾ സ്ഥാപിക്കും

നടന്നുപോകാൻ അഞ്ച് അടി വീതിയിൽ സമാന്തരപാത നിർമിക്കും ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു വളാഞ്ചേരി: വളാഞ്ചേരി ബൈപാസിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ കൂടുതൽ ഡ്രെയ്നേജുകൾ സ്ഥാപിക്കുമെന്ന് ദേശീയപാത ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി വട്ടപ്പാറയിൽനിന്ന്​ ആരംഭിക്കുന്ന വളാഞ്ചേരി ബൈപാസ് കാവുംപുറം, കാട്ടിപ്പരുത്തി പാടശേഖരങ്ങളിലൂടെയാണ് നിർമിക്കുന്നത്. ഓണിയം പാലം വരെ വയൽ മണ്ണിട്ടു നികത്തിയാണ് ആറുവരിപ്പാതയുടെ നിർമാണം ആരംഭിച്ചത്. വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31, 32 വാർഡുകളിലുൾപ്പെട്ട ഭാഗം വഴിയാണ് പാത കടന്നുപോകുന്നത്. ഇവിടങ്ങളിൽ പാടം മണ്ണിട്ടു നികത്തിയതു കാരണം ഏറെ ആശങ്കയിലാണ് നാട്ടുകാർ. പാടവും വരമ്പും തോടുമെല്ലാം നികത്തുകയോ ഗതിമാറ്റുകയോ ചെയ്തിട്ടുണ്ട്. മഴ ശക്തമായാൽ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാനുള്ള സംവിധാനമില്ല. ഇതുകാരണം വെള്ളം ഉയർന്ന് വീടുകളിലേക്കും മറ്റും കയറാനും സാധ്യതയുണ്ട്. പ്രദേശവാസികളുടെ ആശങ്കയകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭ ഭരണസമിതി ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന്​ ദേശീയപാത ഉദ്യോഗസ്ഥർ തിങ്കളാഴ്ച പ്രദേശം സന്ദർശിച്ചു. വെള്ളം ഒഴുകിപ്പോകാൻ നിലവിലെ ഡി.പി.ആർ പ്രകാരമുള്ള ഡ്രെയ്നേജിനു പുറമെ അഞ്ചെണ്ണംകൂടി സ്ഥാപിക്കുമെന്നും പ്രദേശവാസികൾക്ക് നടന്നുപോകാൻ അഞ്ച് അടി വീതിയിൽ സമാന്തരപാത നിർമിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാത നിർമാണവുമായി ബന്ധപ്പെട്ട തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകിയതായി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അറിയിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം. റിയാസ്, മുജീബ് വാലാസി, എൻ.എച്ച്.എ.ഐ ലെയ്സൺ ഓഫിസർ പി.പി.എം. അഷ്റഫ്, സർവേയർ പി. ഗോപാലകൃഷ്​ണൻ, കെ.എൻ.ആർ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ എൻ. സേശു, എൻ.എച്ച്.എ.ഐ പ്രോജക്ട് മാനേജർ വീരറെഡ്ഡി, നഗരസഭ കൗൺസിലർമാരായ ഇ.പി. അച്യുതൻ, സദാനന്ദൻ കോട്ടിരി, ഖമറുദ്ദീൻ പാറക്കൽ, ബദരിയ ടീച്ചർ, ബഷീറ നൗഷാദ്, ഷാഹിന റസാഖ്, താഹിറ ഇസ്മയിൽ, കൃഷി ഓഫിസർ മൃദുൽ വിനോദ്, അസി. എൻജിനീയർ സോജൻ, കർഷക പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു. വട്ടപ്പാറ ഇറക്കത്തിലെ നമസ്കാര പള്ളിക്കു സമീപത്തു​ നിന്നാരംഭിക്കുന്ന ബൈപാസ് കാവുംപുറം വയലിലൂടെ ഓണിയൽ പാലത്തിനു സമീപം നിലവിലെ ദേശീയപാതയിൽ ചേരും. സ്ഥിരം അപകടകേന്ദ്രമായ വട്ടപ്പാറ മുഖ്യ വളവ്, കാവുംപുറം ടൗൺ, രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വളാഞ്ചേരി ടൗൺ എന്നിവ ഒഴിവാക്കിയാണ് ബൈപാസ് നിർമിക്കുന്നത്. 4.18 കിലോമീറ്റർ നീളം വരുന്ന ബൈപാസിൽ രണ്ടു കിലോമീറ്ററോളം വയഡക്ടും ശേഷിക്കുന്ന ഭാഗങ്ങൾ മണ്ണിട്ട് ഉയർത്തിയുമാണ് നിർമിക്കുന്നത്. MP VNCY 1 valanchery by pass.jpg വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ബൈപാസ്​ നിർമാണസ്ഥലം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.