മലപ്പുറം: തദ്ദേശതലത്തിൽ ജനങ്ങളുടെ പരാതി കേൾക്കാനും പരിഹരിക്കാനും തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ അദാലത്തിനൊരുങ്ങി സംസ്ഥാന സർക്കാർ.
ജില്ലതലത്തിലും കോർപറേഷൻ തലത്തിലുമായി ‘തദ്ദേശ അദാലത്’ എന്ന പേരിലാണ് ആഗസ്റ്റ് ഏഴു മുതൽ സെപ്റ്റംബർ ഏഴു വരെ ജനസമ്പർക്ക പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് മുന്നൊരുക്കത്തിന്റെ ഭാഗംകൂടിയാണ് ഈ പരിപാടിയെന്ന് വിലയിരുത്തപ്പെടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകി സമയപരിധി കഴിഞ്ഞും സേവനം ലഭിക്കാത്ത പരാതികൾ, വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത് സമിതിയിൽ തീർപ്പാകാതെയുള്ള അപേക്ഷകൾ, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിക്കുക.
വിപുലമായ ഒരുക്കങ്ങൾ ഈ അദാലത്തിനായി സർക്കാർ ഒരുക്കുന്നുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും അദാലത്തിൽ നേരിട്ട് പരാതി നൽകാനും സൗകര്യമുണ്ടാവും. അതേസമയം, സംഘാടനം ലളിതമായിരിക്കണമെന്ന് പ്രത്യേക നിർദേശമുണ്ട്. നടത്തിപ്പിനായി രണ്ടു ലക്ഷം രൂപ വരെ ചെലവഴിക്കാൻ അനുമതിയുണ്ട്. സംസ്ഥാന സർക്കാറിന്റെ നാലാം നൂറുദിന പരിപാടിയിലാണ് തദ്ദേശ അദാലത് ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.