മലപ്പുറം: മലപ്പുറം സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് കോട്ടപ്പടി, വലിയങ്ങാടി എന്നിവിടങ്ങളിലെ ആധാരങ്ങളുടെ ഫെയർ വാല്യു (ന്യായവില) സംബന്ധിച്ച വിവരം മലപ്പുറം, പാണക്കാട് വില്ലേജ് ഓഫിസുകളിലേക്ക് കൈമാറിയതോടെ കോട്ടപ്പടി താലൂക്ക് ആശുപത്രിയുടെ കെട്ടിടമാറ്റ നടപടികൾ വേഗത്തിലാകും. ശനിയാഴ്ചയാണ് വില്ലേജുകളിലേക്ക് മൂന്ന് വർഷത്തെ ആധാരങ്ങളുടെ വിവരങ്ങൾ സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് കൈമാറിയത്. ഇനി വില്ലേജ് ഓഫിസ് അധികൃതർ ഈ ആധാരങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ആധാരത്തിന്റെ ന്യായവില കണ്ടെത്തും. കോട്ടപ്പടി അബ്ദുറഹ്മാൻ സ്മാരകം, വലിയങ്ങാടി കിളിയാമണ്ണിൽ ഓഡിറ്റോറിയം എന്നിവയുടെ സമീപത്തെ സ്ഥലങ്ങളുടെ ന്യായവിലയാണ് വില്ലേജ് അധികൃതർ പരിശോധിക്കുക. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നഗരസഭക്ക് കൈമാറും. റിപ്പോർട്ട് മുനിസിപ്പൽ എൻജിനീയർ, ഓവർസിയർ എന്നിവർ പരിശോധിച്ച് നഗരസഭ ചുമതലപ്പെടുത്തിയ ഉപസമിതിക്ക് കൈമാറും.
ഉപസമിതി റിപ്പോർട്ട് വിലയിരുത്തി കൗൺസിൽ യോഗത്തിലേക്ക് കൈമാറി അംഗീകരിക്കുന്നതോടെ ആശുപത്രി കെട്ടിടമാറ്റം സാധ്യമാകും. സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് ലഭിച്ച ആധാരങ്ങളുടെ പരിശോധന വില്ലേജ് ഓഫിസ് അധികൃതർ വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് നഗരസഭ അധികൃതരുടെ പ്രതീക്ഷ. ശോച്യാവസ്ഥയിലായ കോട്ടപ്പടി താലൂക്ക് ആശുപത്രി കെട്ടിടം മൂന്നിടങ്ങളിലേക്കായി മാറ്റാനാണ് നഗരസഭ തീരുമാനിച്ചത്. ആശുപത്രി കോട്ടപ്പടി അബ്ദുറഹ്മാൻ സ്മാരകം, വലിയങ്ങാടി കിളിയാമണ്ണിൽ ഓഡിറ്റോറിയം, മലപ്പുറം ടൗൺഹാൾ എന്നിവിടങ്ങളിലേക്കാണ് മാറ്റുന്നത്. ഇതിൽ അബ്ദുറഹ്മാൻ സ്മാരകം മലപ്പുറം വില്ലേജ് പരിധിയിലും കിളിയാമണ്ണിൽ ഓഡിറ്റോറിയം പാണക്കാട് വില്ലേജ് പരിധിയിലുമാണ്. കെട്ടിട മാറ്റ നടപടികൾ പരിശോധിക്കാനായി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പരി അബ്ദുൽ ഹമീദിനെയാണ് ഉപസമിതി ചെയർമാനായി നിയോഗിച്ചിരിക്കുന്നത്. വികസന കാര്യ സ്ഥിരസമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ സി. സുരേഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജൻ എന്നിവരെ കൂടാതെ കൗൺസിലർ സി.എച്ച്. നൗഷാദും മുനിസിപ്പൽ എൻജിനീയറും അംഗങ്ങളാണ്. മാറ്റത്തിന് അംഗീകാരമായാൽ ഒ.പിയും ഫാർമസിയും എക്സറെ യൂനിറ്റും അബ്ദുറഹ്മാൻ സ്മാരകത്തിലേക്ക് മാറ്റും. കിളിയമണ്ണിൽ ഓഡിറ്റോറിയത്തിലേക്ക് കിടത്തി ചികിത്സക്കായി മെഡിഡിൻ വിഭാഗത്തിൽ 40 ബെഡ്ഡുകളും കുട്ടികളുടെ വിഭാഗത്തിൽ 10 ബെഡ്ഡുകളും ഉൾപ്പെടെ 50 ബെഡ്ഡുകൾക്കും ഡോക്ടേഴ്സ് റൂം, നഴ്സസ് റൂം ഉൾപെടെയുള്ളവ മാറ്റിയേക്കും. മരുന്ന് സൂക്ഷിക്കുന്ന കേന്ദ്രം കുന്നുമ്മൽ ടൗൺ ഹാളിലെ ഭക്ഷണ ഹാളിലേക്കും മാറ്റിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.