മലപ്പുറം: ജില്ലയിൽ വീശിയടിച്ച കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് 8.87 കോടി രൂപയുടെ നാശനഷ്ടം. മഞ്ചേരി, തിരൂർ, നിലമ്പൂർ എന്നീ മൂന്ന് സർക്കിളുകളിലായിട്ടാണ് ഒന്നര മാസത്തിനിടെ നഷ്ടം സംഭവിച്ചത്. ജൂൺ മുതൽ ജൂലൈ 26 വരെയുള്ള കണക്കുപ്രകാരമാണിത്. 12 ട്രാൻസ്ഫോർമറുകൾ, 120 എച്ച്.ടി വൈദ്യുതി തൂണുകളും, എൽ.ടി 951 വൈദ്യുതി തൂണുകളും 107 എച്ച്.ടി വൈദ്യുതി കമ്പികളും 3631 എൽ.ടി വൈദ്യുതി കമ്പികളും തകർന്നിട്ടുണ്ട്. തിരൂർ, പൊന്നാനി, തിരൂരങ്ങാടി എന്നീ മേഖലകൾ ഉൾപ്പെട്ട തിരൂർ സർക്കിളിലാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. തിരൂരിൽ മാത്രം 5.23 കോടിയുടെ നഷ്ടം കെ.എസ്.ഇ.ബിക്ക് സംഭവിച്ചിട്ടുണ്ട്.
53 എച്ച്.ടി തൂണുകളും 520 എൽ.ടി തൂണുകളും ഇവിടെ തകർന്നു. അഞ്ച് ട്രാൻസ്ഫോർമറുകൾ തകരാറിലായി. 31 എച്ച്.ടി വൈദ്യുതി കമ്പികളും 2066 എൽ.ടി വൈദ്യുതി കമ്പികളും കാറ്റിൽ നിലംപൊത്തി. മഞ്ചേരി, കൊണ്ടോട്ടി, പെരിന്തൽമണ്ണ മേഖലകൾ ഉൾപ്പെടുന്ന മഞ്ചേരി ഡിവിഷനാണ് പട്ടികയിൽ രണ്ടാമത്. ഇവിടെ 2.17 കോടിയുടെ നഷ്ടമുണ്ടായി. 33 എച്ച്.ടി വൈദ്യുതി തൂണുകളും 262 എൽ.ടി തൂണുകളും മഴയിൽ കടപുഴകി. 53 എച്ച്.ടി വൈദ്യുതി കമ്പികളും 985 എൽ.ടി വൈദ്യുതി കമ്പികളും കാറ്റിൽ പൊട്ടി വീണു. മഞ്ചേരിയിൽ ഏഴ് ട്രാൻസ്ഫോർമറുകളാണ് തകർന്നത്. നിലമ്പൂർ, വണ്ടൂർ മേഖലകൾ ഉൾപ്പെട്ട നിലമ്പൂർ സർക്കിളിൽ 1.47 കോടിയുടെ നഷ്ടവും റിപ്പോർട്ട് ചെയ്തു. 34 എച്ച്.ടി വൈദ്യുതി തൂണുകളും 169 എൽ.ടി വൈദ്യുതി തൂണുകളും കാറ്റിൽ തകർന്നു. 23 എച്ച്.ടി വൈദ്യുതി കമ്പികളും 580 എൽ.ടി വൈദ്യുതി കമ്പികളും കാറ്റിൽ മരം വീണ് പൊട്ടി. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന കേന്ദ്രങ്ങളിലെല്ലാം തൂണുകളും കമ്പികളും പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. ജീവനക്കാരുടെ കുറവ് കെ.എസ്.ഇ.ബിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പ്രധാന കേടുപാടുകൾ സംഭവിക്കുമ്പോൾ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വൈദ്യുതി പുനഃസ്ഥാപനത്തിന് കാലതാമസം നേരിടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മഴക്കാലമെത്തിയതോടെ മലപ്പുറം കലക്ടറേറ്റിലും ജില്ലയിലെ മൂന്ന് സർക്കിൾ കേന്ദ്രങ്ങളിലും 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.