തേഞ്ഞിപ്പലം: കോഹിനൂര്‍- ദേവതിയാല്‍ റോഡിലേക്ക് പ്രവേശിക്കാന്‍ കോഹിനൂരില്‍ അടിപ്പാത പണിയാന്‍ നടപടിയില്ലെങ്കില്‍ കെ.എന്‍.ആര്.സി.എല്‍ ഓഫിസ് ഉപരോധിക്കുന്നതടക്കം കടുത്ത നടപടിക്ക് നീക്കം. ശനിയാഴ്ച ജനകീയ സമര സമിതി യോഗം ചേര്‍ന്ന് തുടര്‍ പ്രതിഷേധങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് അടക്കം ദേശീയപാതയില്‍നിന്ന് വേഗത്തില്‍ എത്താവുന്ന റോഡിനാണ് ഈ ഗതി.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ദേശീയപാത വികസന പ്രവൃത്തി നടത്തുന്ന കെ.എന്‍.ആര്.സി.എല്‍ ഓഫിസിലേക്ക് വ്യാഴാഴ്ച ബഹുജന മാര്‍ച്ച് നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് കെ.എന്‍.ആര്.സി.എല്‍ അധികൃതരുമായി പി. അബ്ദുൽ ഹമീദ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സമരസമിതി ഭാരവാഹികള്‍ ചര്‍ച്ച നടത്തി. ഏഴ് ദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായി മുന്നോട്ടുപോകാനായിരുന്നു സമിതിയുടെ തീരുമാനം. 40 കിലോമീറ്ററിലധികം സ്ഥലത്ത് ദേശീയപാത വികസന പ്രവൃത്തി നടത്തുന്നതിനായി അസംസ്കൃത വസ്തുക്കളും യന്ത്രസാമഗ്രികളും കോഹിനൂര്‍ മേഖലയിലാണ് കെ.എന്‍.ആര്.സി.എല്‍ സജ്ജീകരിച്ചിട്ടുള്ളത്. അതിനാല്‍ കോഹിനൂരിന്റെ കാര്യത്തില്‍ കെ.എന്‍.ആര്.സി.എല്ലിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകണമെന്നും അല്ലെങ്കില്‍ ഉപരോധം അടക്കമുള്ള സമരമാര്‍ഗങ്ങളിലേക്ക് നീങ്ങുമെന്നുമാണ് ജനകീയ സമര സമിതിയുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.