പരീക്ഷ ഭവനിൽ വിദ്യാർഥി പ്രവേശനത്തിന് അനുമതി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പരീക്ഷഭവനിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ അധികൃതരുടെ തീരുമാനം. ടാഗോർ നികേതനിലെ അന്വേഷണ വിഭാഗത്തിൽ ആവശ്യങ്ങൾ രേഖപ്പെടുത്തിയ പേപ്പറുമായി എത്തിയാൽ പത്ത് വിദ്യാർഥികളെ വീതം പരീക്ഷഭവനിലേക്ക് പ്രവേശിപ്പിക്കും. ഇവർ പുറത്തിറങ്ങിയാൽ അടുത്ത പത്തുപേർക്ക് കൂടി പ്രവേശനം നൽകും. പരീക്ഷഭവനിലെ വിവിധ സെക്​ഷനുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നേതാക്കൾ നടത്തിയ സമരത്തെ തുടർന്നാണ് നടപടി. വ്യാഴാഴ്​ച മിന്നൽ സമരവുമായെത്തിയ എം.എസ്.എഫ് നേതാക്കൾ വാതിൽ തുറന്ന് വിദ്യാർഥികളെ സെക്​ഷനുകളിലേക്ക് പറഞ്ഞയച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, പരീക്ഷ കൺട്രോളർ എന്നിവരുമായി എം.എസ്.എഫ് നേതാക്കൾ നടത്തിയ ചർച്ചയിലാണ്​ തീരുമാനം. ജില്ല പ്രസിഡൻറ്​ കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ. വഹാബ്, ട്രഷറർ പി.എ. ജവാദ്, ജില്ല കമ്മിറ്റി അംഗം നിസാം കെ. ചേളാരി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.