10 ദിവസത്തിനകം പൊളിച്ചുനീക്കൽ പൂർത്തിയാക്കും ഊർങ്ങാട്ടിരി (മലപ്പുറം): പി.വി. അൻവർ എം.എൽ.എയുടെ ഭാര്യപിതാവിന്‍റെ ഉടമസ്ഥതയിലുള്ള ഊർങ്ങാട്ടിരി ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിർമാണം പൊളിച്ചുനീക്കുന്ന നടപടി ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥിന്‍റെ ഉത്തരവിനെ തുടർന്നാണ് നടപടി. 2017ൽ നിലമ്പൂർ സ്വദേശി എം.പി. വിനോദാണ് നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. തുടർന്ന് ആരംഭിച്ച നിയമപോരാട്ടത്തിന് ശേഷമാണ് എം.എൽ.എയുടെ ഭാര്യപിതാവായ സി.കെ. അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള നിർമാണം പൊളിച്ചുനീക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ പൊളിച്ചുനീക്കാൻ ഉത്തരവിട്ടെങ്കിലും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന് മുന്നിലുണ്ടായ ചില സാങ്കേതികതടസ്സം മൂലം പൊളിച്ചുനീക്കുന്നത് വൈകുകയായിരുന്നു. കഴിഞ്ഞ ജനുവരി 24ന് നടന്ന സിറ്റിങ്ങിലാണ് പൊളിച്ചുനീക്കാൻ നടപടി ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓമന അമ്മാൾ അറിയിച്ചത്. വിനോദസഞ്ചാരികളെ പ്രദേശത്തേക്ക് ആകർഷിക്കുന്നതിനു വേണ്ടിയാണ് മൂന്നു മലകളെ ബന്ധിപ്പിച്ച റോപ്വേ നിർമിച്ചത്. എന്നാൽ, റോപ്വേ ഉൾപ്പെടെ അനധികൃതമാണെന്ന് കണ്ടെത്തിയതോടെ ഇതിന്‍റെ പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. പൊലീസ്, വനംവകുപ്പ് ഉൾപ്പെടെയുള്ളവരുടെ കനത്ത സുരക്ഷയിലാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നത്. ഏകദേശം 1,60,000 രൂപയാണ് പൊളിച്ചുനീക്കാൻ ചെലവ് വരുന്നത്. ഈ ചെലവ് ഭൂ ഉടമയിൽനിന്ന് കണ്ടെത്തുമെന്ന് സെക്രട്ടറി പറഞ്ഞു. 10 ദിവസത്തിനുള്ളിൽ നിർമാണം പൂർണമായി പൊളിച്ചുനീക്കുമെന്നാണ് കരാറുകാർ പഞ്ചായത്തിനെ അറിയിച്ചത്. എന്നാൽ, ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അത് രണ്ടുദിവസം നീണ്ടുപോകാനും സാധ്യതയുണ്ട്. ഇതിനുശേഷം ഉടൻ റിപ്പോർട്ട് ഓംബുഡ്സ്മാന് മുന്നിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കും. എന്നാൽ, നിർമാണം പൊളിച്ചുനീക്കുന്നതിന് സ്റ്റേ ലഭിച്ചതായി സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു രേഖയും ഇതുവരെ പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ME ARKD PV ANVAR NEWS ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിർമാണം പൊളിച്ചുനീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.