മാധ്യമങ്ങൾ യു.ഡി.എഫിന്‍റെ ഘടകക്ഷികൾ പോലെ -എളമരം കരീം

പെരിന്തൽമണ്ണ: യു.ഡി.എഫിൽ കോൺഗ്രസും മുസ്​ലിം ലീഗും അടക്കമുള്ള ഘടകക്ഷികൾക്ക് പുറമെ മൂന്ന്​ മാധ്യമസ്ഥാപനങ്ങൾ കൂടിയുള്ളതായി എളമരം കരീം എം.പി. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി എന്നീ മാധ്യമങ്ങളാണ് ഈ പണി ചെയ്യുന്നതെന്നും ഇടതുപക്ഷത്തിനും വിശിഷ്യ സി.പി.എമ്മിനുമെതിരെ നിരന്തരം പ്രചാരണം നടത്തുന്ന ഇവരെ ജനങ്ങൾക്ക് നിയന്ത്രിക്കാനാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണയിൽ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം നൽകി കടിക്കുന്ന പട്ടിയെ വാങ്ങരുതെന്നും ടെലിവിഷന്‍റെ സ്വിച്ച് അമർത്തുമ്പോൾ തൊഴിലാളികൾ ഇക്കാര്യം ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം, ഇന്ധനവില, കർഷകരുടെ അവകാശം, തൊഴിലാളികളുടെ അവകാശവും പുതിയ തൊഴിൽ നിയമവും, ദാരിദ്ര്യം തുടങ്ങിയ ഒട്ടേറെ ജീവൽപ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയ പണിമുടക്കിനെക്കുറിച്ച്​ ഒരു കാര്യം പോലും ഒരു മിനിറ്റ് ചർച്ച ചെയ്യാനോ ജനങ്ങളിലെത്തിക്കാനോ കേരളത്തിലെ മാധ്യമങ്ങൾ ശ്രമിച്ചില്ല. പകരം തൊഴിലാളി സംഘടനകളെയും പണിമുടക്കിനെയും തകർക്കാനും പരാജയപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് അവർ കൊണ്ടുപിടിച്ച് നടത്തിയത്. പാർലമെന്‍റും നിയമസഭയും ഉണ്ടാക്കിയ നിയമങ്ങൾ നടപ്പാക്കാൻ മാത്രമേ കോടതികൾക്ക് അധികാരമുള്ളൂവെന്നും പുതിയ നിയമം നിർമിക്കാൻ അധികാരമില്ലെന്നും എളമരം കരീം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.